FestivalInternationalNEWS

സിനിമപ്രേമികൾക്ക് ഉത്സവകാലം : 52ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും

പനാജി: കൊറോണ വ്യാപനം കുറഞ്ഞ ശേഷം നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മേള ഇന്ന് ഗോവയിൽ ആരംഭിക്കുന്നു. ഇന്ത്യയുടെ 52ാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് (ഐഎഫ്‌എഫ്‌ഐ) ഇന്ന് തിരിതെളിയും. കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം ‘ദി കിംഗ് ഓഫ് ഓള്‍ ദി വേള്‍ഡ്’ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.

കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂർ ഉദ്ഘാടനം ചെയ്യുന്ന ചലച്ചിത്ര മേളയിൽ വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുഗൻ, വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികള്‍, സിനിമ ആസ്വാദകര്‍, സിനിമയുമായി ബന്ധപ്പെട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും.

കൊറോണയുടെ പശ്ചാത്തലത്തില്‍ സിനിമ പ്രദര്‍ശന വേളകളില്‍ അധികം ആളുകളെ പങ്കെടുപ്പിക്കില്ല. വെര്‍ച്വലായും സംഘടിപ്പിക്കുന്ന മേളയില്‍ 3,000 ആളുകള്‍ക്ക് ചലച്ചിത്ര വേദികളില്‍ പ്രവേശനാനുമതി നല്‍കിയതിനു പുറമെ അനേകം ആളുകള്‍ വെര്‍ച്വലായി പങ്കെടുക്കാനും അവസരം നൽകും.

‘കൊറോണ വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര പരിപാടിയാണിത്. ചലച്ചിത്ര മേള കൂടുതല്‍ അകര്‍ഷകരമാക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഗോവയില്‍ എത്തുന്ന എല്ലാ സിനിമ ആസ്വാദകര്‍ക്കും ചലച്ചിത്ര മേളയില്‍ പുത്തന്‍ കാഴ്ചകള്‍ സമ്മാനിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കര്‍ശനമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്ര മേള നടത്തുക’- ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഭാഗമായി നടി ഹേമ മാലിനിയ്‌ക്കും ഗാനരചയിതാവും തിരക്കഥകൃത്തുമായ പ്രസൂണ്‍ ജോഷിയ്‌ക്കും ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രഞ്ജിത്ത് ശങ്കറിന്റെ ജയസൂര്യ ചിത്രം ‘സണ്ണി’, ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’ എന്നിവ പ്രദര്‍ശിപ്പിക്കും.

8 കോടിയോളം ചിലവ് വരുന്ന ചലച്ചിത്ര മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 300ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പികുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ് ഇതിനായി പണം നല്‍കിയത്. നവംബര്‍ 28നാണ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള സമാപിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button