GeneralLatest NewsNEWS

‘കുറുപ്പ് കൊല്ലാൻ ഉദ്ദേശിച്ചിരുന്നത് ചാക്കോയെ ആയിരുന്നില്ല’: വെളിപ്പെടുത്തലുമായി മുകേഷ്

പ്രേക്ഷകര്‍ക്കെല്ലാം പരിചിതമായ ഒരു സംഭവ കഥയെ സിനിമയാക്കുമ്പോള്‍ സംഭവിക്കാവുന്ന എല്ലാ വെല്ലുവിളികളും അതിജീവിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സിനിമയാണ് ‘കുറുപ്പ്’. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവെ പുതിയൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടന്‍ മുകേഷ്. സുകുമാരക്കുറുപ്പ് ആദ്യം വധിക്കാന്‍ തിരഞ്ഞെടുത്തത് ചാക്കോയെ അല്ലെന്നും കല്പകവാടി ഇന്‍ എന്ന ഹോട്ടലിലെ സപ്ലയര്‍ രാമചന്ദ്രനെ ആയിരുന്നു എന്നുമാണ് പുതിയ വീഡിയോയിലൂടെ മുകേഷിന്റെ വെളിപ്പെടുത്തൽ . രാമചന്ദ്രന്‍ നേരിട്ടു പറഞ്ഞ കാര്യങ്ങളാണ് എന്ന് പറഞ്ഞാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഈ വിവരങ്ങൾ പങ്കുവയ്ക്കുന്നത്.

മുകേഷിന്റെ വാക്കുകള്‍:

ഇന്ന് പറയാന്‍ പോകുന്നത് ഒരു സ്പെഷ്യൽ കഥ ആണ്. എന്തുകൊണ്ടിത് സ്പെഷ്യൽ ആകുന്നു എന്നു ചോദിച്ചാല്‍ ഈ കഥയിലെ നായകന്‍ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിയില്ല. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോള്‍ പലരുടെയും മനസ്സില്‍ അദ്ദേഹത്തിന് ഹീറോയിസം വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറില്‍പരം വര്‍ഷങ്ങളായി പൊലീസ്, സര്‍ക്കാര്‍, സാധാരണക്കാര്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാല്‍ സുകുമാരക്കുറുപ്പ്.

മുപ്പത്തിയാറു കൊല്ലങ്ങള്‍ക്ക് മുന്‍പ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തതാണ്, ഇടയ്‌ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ പറയും. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചര്‍ച്ചയാണ്. അതായത് നമ്മുടെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ കുറിച്ച് ഒരു ചിത്രം നിര്‍മ്മിച്ച് കുറുപ്പായി അഭിനയിച്ചിരിക്കുന്നു. ദുല്‍ഖര്‍, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവര്‍ക്കും ആശങ്ക ആയിരുന്നു.

കുറുപ്പിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ കഥ തന്നെയാണ്, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. ‘കുറുപ്പ്’ സിനിമയില്‍ തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളില്‍ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാര്‍മാനുമായിട്ടുള്ള രംഗമാണ്. ബാര്‍മാന്റെ പേര് രാമചന്ദ്രന്‍ എന്നാണ്. എന്റെ ഈ കഥയില്‍ സുകുമാരക്കുറുപ്പ് കഴിഞ്ഞാല്‍ രാമചന്ദ്രന്‍ ആണ് നായകന്‍. രാമചന്ദ്രനിലൂടെ നമ്മള്‍ സുകുമാരക്കുറുപ്പില്‍ എത്തുകയാണ്. രാമചന്ദ്രന്‍ ഒരുപാട് ഫാന്‍സ് ഉള്ള അവിടത്തെ ഒരു സപ്ലയര്‍ ആയിരുന്നു. ഒരു ദിവസം ഞാന്‍ കൂട്ടുകാരുമായി കല്പകവാടിയില്‍ ചെന്നു.

രാമചന്ദ്രനെ നോക്കിയപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. മറ്റൊരു സപ്ലയര്‍ വന്നിട്ട് ചോദിച്ചു ‘സാറേ രാമചന്ദ്രനെ നോക്കുവാരിക്കും അല്ലേ? സാറിന്റെ ആളല്ലേ, ദോ അവിടെ നില്‍പ്പുണ്ട് കരയുവാ’. മറ്റൊരു സപ്ലയറും വന്നു പറഞ്ഞു ‘സാര്‍ വിളിച്ചു ചോദിക്കൂ എന്താ പറ്റിയത് എന്ന്’. എനിക്ക് വലിയ ആകാംക്ഷയായി എന്താണ് സംഭവിച്ചത് എന്നറിയാന്‍. നമ്മുടെ നായകന്‍ കണ്ണും തുടച്ച് എന്റെ അടുത്ത് വന്നു ‘സാറേ താമസിച്ചതില്‍ സോറി, ഇരിക്കൂ’. ഞാന്‍ രാമചന്ദ്രനോടു ചോദിച്ചു ‘എന്താണ് ഇവരെല്ലാം കളിയാക്കുന്നത്’. ‘ഒന്നുമില്ല സാറേ’, ‘അതല്ല അത് പറയണം. നമ്മള്‍ തമ്മില്‍ ഉള്ള ഇരിപ്പു വശം അനുസരിച്ച് അത് പറയണ്ടേ’.

അപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു ‘ഞാന്‍ പറയാം, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മൂന്നുനാലു പേര് ഇവിടെ വന്നിരുന്നു, ആദ്യമായിട്ടാണ് അവര്‍ വരുന്നത്. ഞാനുമായി വളരെ അടുത്തു. ഈ ഹട്ടില്‍ ആണ് അവര്‍ ഇരുന്നത് അങ്ങനെ അവര്‍ക്കു വേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് അതിനകത്ത് പ്രധാനപ്പെട്ട ഒരാള്‍ എഴുന്നേറ്റ് എന്റെ തോളില്‍ കയ്യിട്ടിട്ട് പറഞ്ഞു, ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപ്പോലെ ഉണ്ടല്ലേ, ഒരേ ഹൈറ്റ് ഒരേ വെയിറ്റ്.’

അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘സാറേ കളിയാക്കാതെ സാറൊക്കെ എന്ത് സുന്ദരനായിരിക്കുന്നു. ഞാനൊക്കെ വെറും അത്തപ്പാടി.’ അപ്പൊ ബാക്കിയുള്ളവരും പറഞ്ഞു, ‘അല്ലല്ല, അത് രാമചന്ദ്രന് മനസിലാകാത്തതു കൊണ്ടാണ്, നിങ്ങള്‍ ദൂരെ നിന്നു കണ്ടാല്‍ ഒരേ പോലെ ഉണ്ട്.’ അപ്പോള്‍ അവര്‍ എനിക്ക് ഫോറിന്‍ സിഗരറ്റ് തന്നു. ഫോറിന്‍ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ജോലി സമയത്ത് ഞാന്‍ കഴിക്കില്ല. പെട്ടെന്ന് ഞാന്‍ അവരോടു ചോദിച്ചു ‘സാറന്മാരെ എങ്ങോട്ടാ നിങ്ങള്‍ പോകുന്നത്?’ അവര്‍ ചോദിച്ചു ‘അതെന്താ രാമചന്ദ്രന്‍ അങ്ങനെ ചോദിച്ചത്?’ ഞാന്‍ പറഞ്ഞു ‘എനിക്ക് ഭാര്യ, കുട്ടികള്‍, കൃഷി ഒക്കെ ഉണ്ട്, ഇവിടെ ആഴ്ചയില്‍ ഒരു ദിവസമാണ് എനിക്ക് ഓഫ്.

ജോലിയെല്ലാം കഴിഞ്ഞു പോകുമ്പോള്‍ വെളുപ്പാന്‍ കാലത്ത് ആലപ്പുഴയില്‍ നിന്നുള്ള ഫസ്റ്റ് ബസേ എനിക്ക് കിട്ടത്തൊള്ളൂ. ഞാന്‍ അതില്‍ അവിടെ ചെല്ലുമ്പോള്‍ വെളുപ്പാന്‍ കാലം ആകും, ഉച്ചവരെ കിടന്നുറങ്ങും, കുട്ടികളെ ഒക്കെ ഒന്ന് കണ്ടു വരുമ്പോഴേക്കും തിരിച്ചു വരാന്‍ ഉള്ള സമയമാകും. ഇന്നെങ്കിലും ഒന്ന് നേരത്തേ പോകണം അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് എങ്ങോട്ടാണ് എന്ന്’. അവര്‍ ചോദിച്ചു, ‘രാമചന്ദ്രന്റെ വീട് എവിടെയാ?’ ‘അത് ചേപ്പാട് ആണ്.’ ‘ഞങ്ങള്‍ക്ക് കരുനാഗപ്പള്ളിയില്‍ വളരെ അത്യാവശ്യം ആയിട്ട് പോകണം ഞങ്ങള്‍ ചേപ്പാട് ഇറക്കിയേക്കാം’.

രാമചന്ദ്രന്റെ മുഖം വികസിച്ചു. ‘ദൈവമാണ് സാറേ, എന്റെ പ്രാര്‍ഥനയാണ് നിങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത്. എത്ര കാലമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു ഇങ്ങനെ ഒരാള്‍ വരാന്‍’. ‘രാമചന്ദ്രന്‍ ധൈര്യമായി വരൂ, ഞങ്ങള്‍ ഹോട്ടലിലിന്റെ മുന്നില്‍ നില്‍ക്കാം രാമചന്ദ്രന്‍ പെട്ടിയെടുത്ത് അങ്ങോട്ട് വാ.’ എന്ന് പറഞ്ഞു.

കഥയുടെ ഹാപ്പി എന്‍ഡിംഗ് ആകാറായപ്പോള്‍ ആണ് ആദ്യത്തെ ട്വിസ്റ്റ്. മറ്റൊരു കാര്‍ വന്നു നില്‍ക്കുന്നു അതില്‍ നിന്ന് കൊല്ലംകാരായ രാമചന്ദ്രന്റെ ക്ലയന്റസ് വന്നു നില്‍ക്കുന്നു ‘രാമചന്ദ്രാ’ എന്ന് വിളിച്ചു. രാമചന്ദ്രന്‍ ഞെട്ടി. രാമചന്ദ്രന്‍ ഓടി അവരുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു ‘അതേ, വേറൊന്നും വിചാരിക്കരുത്. ഞാന്‍ വേറൊരു ബെസ്റ്റ് സപ്ലയറെ തരാം, ഇവര്‍ എന്നെ ചേപ്പാട് ഇറക്കാം എന്ന് പറഞ്ഞു, ആദ്യമായിട്ടാണ് ഞാന്‍ നേരത്തേ വീട്ടില്‍ എത്താന്‍ പോകുന്നത്. എനിക്ക് ഭാര്യയോടും കുട്ടികളോടും ഒപ്പം ഇരിക്കാം, രാവിലെ എഴുന്നേറ്റ് കൃഷിസ്ഥലങ്ങളും നോക്കാം..’ അപ്പോള്‍ അവര്‍ പറഞ്ഞു ‘അതിനെന്താ രാമചന്ദ്രനും ഞങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമല്ലേ, പക്ഷെ ഞങ്ങള്‍ മറ്റന്നാള്‍ വരാം അപ്പോള്‍ കാണാം.’ അപ്പോള്‍ രാമചന്ദ്രന്‍ ചോദിച്ചു ‘അയ്യോ ഒന്നും കഴിക്കുന്നില്ലേ’, അവര്‍ പറഞ്ഞു ‘രാമചന്ദ്രന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് അങ്ങനെ ഒരു ശീലം ഇല്ലല്ലോ’ രാമചന്ദ്രന്‍ ധര്‍മ്മ സങ്കടത്തിലായി.

എന്നാല്‍ പോകാന്‍ തന്നെ തീരുമാനിച്ച് രാമചന്ദ്രന്‍ തിരിഞ്ഞപ്പോള്‍ സാക്ഷാല്‍ ഉടമസ്ഥന്‍ ചെറിയാന്‍ കല്പകവാടി നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു ‘രാമചന്ദ്രാ, അത് ശരിയല്ലല്ലോ ക്ലയന്റ്‌സ് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ അങ്ങനെ പോകുന്നത് തെറ്റല്ലേ, എല്ലാവരെയും വിട്ടിട്ടു രാത്രി പോകണം എന്നാണല്ലോ നമ്മുടെ കണ്ടീഷന്‍’. രാമചന്ദ്രന്‍ പറഞ്ഞു, ശരിയാണ് സാര്‍. എന്നിട്ടു രാമചന്ദ്രന്‍ മറ്റവരോട് പറഞ്ഞു ‘നിങ്ങള്‍ പോകണം സാര്‍ എനിക്ക് നേരത്തേ വീട്ടില്‍ എത്താനുള്ള യോഗമില്ല. അപ്പോള്‍ അവര്‍ സമാധാനിപ്പിച്ചു ‘ഞങ്ങള്‍ക്ക് അമ്പലപ്പുഴ വരെ പോകാനുണ്ട്. പോയിട്ട് അരമണിക്കൂറിനകം ഞങ്ങള്‍ തിരിച്ചു വരും ഞങ്ങള്‍ വെയിറ്റ് ചെയ്യാം, രാമചന്ദ്രന്‍ ഇവരെ അറ്റന്‍ഡ് ചെയ്തിട്ട് വന്നാല്‍ മതി’ രാമചന്ദ്രന്‍ വീണ്ടും പറഞ്ഞു ‘നിങ്ങള്‍ ദൈവമാണ് സാര്‍, ദൈവം കൊണ്ട് വന്നിരിക്കുകയാണ്. ഒരു മുക്കാല്‍ മണിക്കൂര്‍’, അവര്‍ ഓക്കേ പറഞ്ഞു .

ശരിക്കും കൊല്ലംകാരായ എന്റെ ക്ലയന്റസിനെ ഞാന്‍ ശപിച്ചു സാര്‍, ഇവര്‍ക്ക് ഈ സമയത്തെ വരാന്‍ കണ്ടോള്ളൂ എന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ ഞാന്‍ ശപിച്ചത് എന്റെ മുതലാളിയെ തന്നെയാണ്. ഞാന്‍ എത്രയും പെട്ടെന്ന് വന്നവരെ സല്‍ക്കരിച്ചിട്ട് പത്തരമണിക്ക് തന്നെ പെട്ടിയുമായി കല്പകവാടിയുടെ മുന്നില്‍ നിന്നു. അവരൊക്കെ വലിയ ആള്‍ക്കാരല്ലേ പോയിക്കാണും എന്ന് കരുതി, എങ്കിലും ഒരു നേരിയ പ്രതീക്ഷ. പത്തര, പതിനൊന്നര, പന്ത്രണ്ടര. ഒരു മണിയായപ്പോഴേക്കും രാമചന്ദ്രന്റെ പ്രതീക്ഷ വിട്ടു.

നിരാശയായി, സങ്കടമായി, ദേഷ്യമായി വീണ്ടും ചെറിയാന്‍ കല്പകവാടിയെ മനസ്സുകൊണ്ട് ശപിച്ച് കൊല്ലത്തു നിന്ന് വന്നവരെയും മനസുകൊണ്ട് ചീത്തവിളിച്ചു, അപ്പോള്‍ ഒരു തണുത്ത കാറ്റടിച്ചു, എനിക്ക് കൈയെല്ലാം തണുത്തു വിറച്ചു, എനിക്ക് സങ്കടമായി പോയി സാറെ. ഞാന്‍ അവിടെ ഇരുന്നു, നാലു മണിയപ്പോള്‍ ബസില്‍ കയറി ചേപ്പാട് പോയി പിറ്റേദിവസം രാത്രി വന്നു. കഥ അത്രയേ ഉള്ളൂ.

എന്നാല്‍ ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞ് രാമചന്ദ്രനെ ഞാന്‍ വീണ്ടും കണ്ടു. ‘സാറേ’, രാമചന്ദ്രന്റെ കണ്ണ് ചുവന്നു വിങ്ങി, ഞാന്‍ തോളില്‍ തട്ടിയിട്ട് പറഞ്ഞു, പറയൂ എന്തുണ്ടായി രാമചന്ദ്രാ… ‘സാറേ, എന്നെ തോളില്‍ കയ്യിട്ട് ഒരമ്മ പെറ്റ മക്കളെപ്പോലെ ഇരിക്കുന്നില്ലേ എന്ന് ചോദിച്ചത് സുകുമാരക്കുറുപ്പ് ആയിരുന്നു സാറേ, അവര് എന്നെയാണ് ആദ്യം കൊല്ലാനായി തിരഞ്ഞെടുത്തത്’ വിങ്ങിപ്പൊട്ടുകയാണ് രാമചന്ദ്രന്‍. ‘ഈ പ്ലാനും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് അവര്‍ പോയി, തിരിച്ചു വരാതിരുന്നത് പോകുന്ന വഴിക്ക് ചാക്കോയെ കണ്ടു, പാവം ചാക്കോ. അല്ലെങ്കില്‍ ചാക്കോയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നേനെ സാറേ.’ എന്ന് പറഞ്ഞു രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞു. ‘എന്റെ ദൈവം ഈ ഹോട്ടലിന്റെ ഉടമസ്ഥന്‍ ചെറിയാന്‍ സാറാണ്. അദ്ദേഹം അന്ന് കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇല്ല. കൊല്ലത്തുനിന്ന് വന്ന ക്ലയന്റ്‌സ് ആണ് സാറേ എന്റെ മറ്റു ദൈവങ്ങള്‍, അവര്‍ വന്നില്ലായിരുന്നെങ്കിലും ഞാന്‍ ഇന്ന് ഇല്ല.

‘രാമചന്ദ്രന്‍ വാവിട്ടു കരഞ്ഞു. ഞാന്‍ സമാധാനിപ്പിച്ചു രാമചന്ദ്രനോട് പറഞ്ഞു, ‘രാമചന്ദ്രന് പോകാന്‍ സമയമായില്ല, രാമചന്ദ്രന്‍ അവിടെ നിന്നപ്പോള്‍ ഒരു തണുത്ത കാറ്റടിച്ചില്ലേ അത് ദൈവസാന്നിധ്യം ആണ്. നിങ്ങള്‍ ഇനിയും ഒരുപാടു പേര്‍ക്ക് നല്ല ഭക്ഷണം കൊടുക്കണം, കരിമീന്‍ പൊരിച്ചതും മപ്പാസ് വച്ചതും താറാവും കോഴിയും കൊഞ്ചും എല്ലാം കൊടുത്ത് എല്ലാവരെയും സന്തോഷിപ്പിക്കണം. അതുകൊണ്ട് ദൈവം നേരിട്ട് ഇടപെട്ടതാണ്, ധൈര്യമായിട്ട് ഇരി’. പക്ഷേ അപ്പോഴേക്കും ഒന്നുമറിയാതെ നിഷ്‌കളങ്കനായ ഒരു ചാക്കോ നമ്മെ വിട്ടുപോയി. രാമചന്ദ്രന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്നു തന്നെ എനിക്ക് സുകുമാരക്കുറുപ്പിന്റെ ക്രൂരത മനസിലായി. ഇപ്പോള്‍ ഈ ‘കുറുപ്പ്’ സിനിമ ഇറങ്ങിയപ്പോള്‍ പലരും പറയുന്നുണ്ട് ‘കുറുപ്പ് മരിച്ചിട്ടില്ല, അയാള്‍ എതൊക്കെയോ സ്ഥലത്തിരിപ്പുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നും ആള് ഉണ്ടെങ്കില്‍ 80 വയസിനു മുകളില്‍ ആയിക്കാണും എന്നും പറയുന്നുണ്ട്. ഈ സിനിമ കണ്ട് അയാള്‍ ചിരിക്കുന്നുണ്ടാകുമോ?

shortlink

Related Articles

Post Your Comments


Back to top button