മലയാളസിനിമ ചരിത്രത്തിലെ പുരുഷസൗന്ദര്യത്തിന്റെ ഉദാഹരണമായിരുന്നു ജയൻ. 1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചു തുടങ്ങി. ഇവയിൽ പലതും വില്ലൻ വേഷങ്ങളായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി ചിത്രം. 1974 മുതൽ ’80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ‘പൂട്ടാത്ത പൂട്ടുകൾ’ എന്ന തമിഴ് ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. തന്റെ നാല്പത്തിയൊന്നാം വയസ്സിൽ,1980 നവംബർ 16-നാണ് കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ ജയൻ അകാലമൃത്യുവടഞ്ഞത്.
ഇപ്പോൾ ജയന്റെ മകനാണെന്നുള്ള വാദവുമായി മുരളി ജയൻ എന്ന യുവാവ് വന്നതാണ് ചർച്ചകൾക്ക് ഇടനൽകിയിരിക്കുന്നത്. ഇതോടെ ജയന്റെ മകനാണെന്ന അവകാശവാദവുമായി എത്തിയ മുരളി ജയന്‍ എന്ന യുവാവിനെ സമൂഹം അംഗീകരിക്കേണ്ടതല്ലേയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്കും ടിവി തോമസിന്റെ മകന്‍ മാക്സണും നീതി കിട്ടിയത് പോലെ ജയന്റെ മകനും നീതി കിട്ടണമെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
‘തനിക്ക് ജന്മം നല്‍കിയ പിതാവിനെ കുറിച്ച് അമ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുരളി ജയന്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. മലയാളികളുടെ മനസിനെ കീഴടക്കിയ സാഹസിക നായകന്‍ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായി ഒരു ചെറുപ്പക്കാരന്‍ മലയാളിയുടെ പൊതു മനസാക്ഷിയുടെ അംഗീകാരത്തിനായി കൈകൂപ്പി നില്‍ക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന കൗതുകം.
വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടിവി തോമസിന് ഒരു മകനുണ്ടായിരുന്നു, മാക്സണ്‍. എന്റെ സീനിയറായി ആലപ്പുഴ എസ് ഡി കോളേജില്‍ പഠിച്ചിരുന്നു. ടിവി തോമസിന്റെ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ ഗൗരിയമ്മയും. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിന്റെ കാല്‍തൊട്ട് വന്ദിക്കാന്‍ എത്തിയപ്പോള്‍ ദ്രൗപതിയെ പോലെ പരസ്യ വേദിയില്‍ അപമാനിക്കപ്പെട്ടു. ആ പെണ്‍കുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവില്‍ ആ മകള്‍ക്കും പിതൃത്വത്തിന്റെ അംഗീകാരം ലഭിച്ചു.
ഇപ്പോള്‍ മുരളിയെന്ന ഒരു ചെറുപ്പക്കാരന്‍ പൊതു സമൂഹത്തിന്റെ മുന്നില്‍ ചില തെളിവുകള്‍ നിരത്തി തന്റെ പിതാവാണ് ജയന്‍ എന്ന് പറയുമ്പോള്‍, ആ പുത്രന്റെ ദയനീയ അവസ്ഥ ജയനെ സ്നേഹിക്കുന്നവര്‍ക്ക് വേദന പകരുന്നതാണ്. ജയന്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ ജയന്റെ ചില രൂപസാദൃശ്യങ്ങള്‍ ദൈവം മുരളിക്ക് നല്‍കിയിട്ടുണ്ടെന്നത് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മുരളി ജയന്റെ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്ന് നിലവിലുണ്ട്.
അതിനുള്ള അവസരമൊരുക്കാന്‍ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലെങ്കില്‍ പരാതിക്കാര്‍ക്ക് നീതിപീഠത്തെ സമീപിക്കാം. അതുവരെ, ജയന്റ മകനല്ലെന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം. തല്‍ക്കാലം അദ്ദേഹത്തെ ജയന്റെ മകനായി തന്നെ നമ്മള്‍ കാണേണ്ടതല്ലേ..? പിതൃത്വം അംഗീകരിച്ചു കിട്ടാനായി കൈകൂപ്പി നില്‍ക്കുന്ന നിസഹായനോട് പരിഷ്‌കൃത സമൂഹം അങ്ങനെയല്ലേ വേണ്ടത്…’
Post Your Comments