കൊച്ചി : ഒൻപത് വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷം 2011 ല്‍ കമല്‍ ചിത്രമായ ഗദ്ദാമയിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. 2014 ല്‍ പുറത്തിറങ്ങിയ ഇതിഹാസയാണ് ഷൈന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രം.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള, മലയാള സിനിമയെ പറ്റി തന്റേതായ കാഴ്ചപ്പാടുള്ള ഷൈൻ ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറിപ്പിൽ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഷൈന്‍ അവതരിപ്പിച്ച ഭാസി പിള്ള എന്ന കഥാപാത്രം.
ഇപ്പോൾ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ മലയാള സിനിമയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയിരിക്കുകയാണ് ഷൈൻ. ചെറിയ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന, മനുഷ്യജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന കഥകള്‍ പറയുന്ന സിനിമകളാണ് മലയാളത്തില്‍ നിന്നും വരുന്നതെന്നാണ് ഷൈനിന്റെ അഭിപ്രായം.
‘വീടനകത്ത് തന്നെ ഇരിക്കണം എന്ന് വരികയാണെങ്കില്‍ ഇവിടെയുള്ളവരും വീടനകത്തു വെച്ച് സിനിമയുണ്ടാക്കും. കൊവിഡ് കാലത്ത് നമ്മള്‍ അത് വ്യക്തമായി കണ്ടു. പുറത്തൊന്നുമിറങ്ങാതെ പടം ചെയ്യാമെന്ന് സീ യു സൂണ്‍ കാണിച്ചു തന്നു. അതിനുശേഷം ലവ് ഞങ്ങളൊരു ഫ്‌ളാറ്റിനുള്ളില്‍ വെച്ച് ചെയ്തു. പിന്നീട് എത്രയോ ഇന്‍ഡോര്‍ പടങ്ങള്‍ വന്നു. ഓരോ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ മലയാള സിനിമക്ക് കഴിയും. വളരെ ഫ്‌ളെക്‌സിബിളായ ഇടമാണിത്. മറ്റുള്ളവര്‍ക്ക് ആലോചിച്ചാല്‍ പോലും അടുത്തെത്താനാകില്ല’- ഷൈന്‍ പറഞ്ഞു.
‘എല്ലാവരും കൂടി ഒന്നിച്ചിരുന്നു കാണേണ്ട കലാരൂപമാണ് സിനിമ. അതിനുള്ള അവസരമില്ലാത്ത സമയങ്ങളില്‍ ഒ.ടി.ടി പോലുള്ളവയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അങ്ങനെയാണ് ഈ സാഹചര്യത്തെ കാണേണ്ടതെന്ന് കരുതുന്നു. സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്. നമ്മള്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് തന്നെ കൂടുതലായി വരും’- ഒ.ടി.ടി, തിയേറ്റര്‍ ചര്‍ച്ചകളെ പറ്റിയും ഷൈന്‍ തുറന്ന് പറഞ്ഞു.
Post Your Comments