തിരുവനന്തപുരം : 1986-ൽ മോഹൻലാൽ അഭിനയിച്ച സർവകലാശാല എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടനാണ് നന്ദു. കഴിഞ്ഞ 30 വർഷത്തോളം അഭിനയ രംഗത്തുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്‌ത് മോഹൻലാൽ അഭിനയിച്ച സ്പിരിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശംസ പിടിച്ചുപറ്റി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു.
സിനിമാഭിനയം ആരംഭിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി. അതില്‍ പ്രിയദര്‍ശന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്ന് താരം പറയുന്നു. മരക്കാറിലെ തന്റെ കഥാപാത്രത്തെപ്പറ്റി പറയുകയാണ് നന്ദു ഇപ്പോൾ ‘പ്രിയന്‍ ചേട്ടന്റെ മലയാള സിനിമയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എനിക്ക് വേഷം തന്ന ഡയറക്ടറാണ് പ്രിയദര്‍ശന്‍. അതുപോലെ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. പ്രിയന്‍ ചേട്ടന്‍ ലാലേട്ടന്‍ കൂട്ടുകെട്ടിലുള്ള സിനിമകളായിരിക്കും അത്. ആ ലൊക്കേഷനുകളിലെത്തുമ്പോള്‍ വീട്ടിലെത്തുന്നപോലെയാണ്’- നന്ദു പറഞ്ഞു.
‘പ്രിയന്‍ ചേട്ടന്റെ പലസിനിമകളിലും ഒരു അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും. അതുപോലെ തന്നെ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ അച്ചാറല്ല എന്നാലും അതിനേക്കാള്‍ കുറച്ചുകൂടെ നല്ലൊരു വേഷം തന്നു. വലിയ ക്യാന്‍വാസിലുള്ള സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം. കുതിരവട്ടത്ത് നായര്‍ എന്ന സാമൂതിരിയുടെ മന്ത്രിയുടെ വേഷമാണ് ചെയ്തത്. സായിപ്പുമായി സംസാരിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് അറിയുന്ന മലയാളിയുടെ കഥാപാത്രമാണത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടതാണ്, കുഞ്ഞാലി മരക്കാറിന്റെ എല്ലാവിധത്തിലുള്ള ചരിത്രവും പഠിച്ചതിന് ശേഷമാണ് പ്രിയദര്‍ശന്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ചെയ്തിരിക്കുന്നത്.
മലയാള സിനിമയ്ക്കു സ്വപ്നം കാണാന്‍ പോലും പറ്റാത്ത ക്യാന്‍വാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആഗ്രഹിച്ച, സ്വപ്നം കണ്ട രീതിയിലുള്ള ഒരു ചിത്രമാണ് മരക്കാര്‍. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജി. സുരേഷ് കുമാര്‍, ഐ.വി. ശശി, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവരുടെ എല്ലാം കുടുംബം പൂര്‍ണ്ണമായും ഉള്‍പ്പെട്ട ഒരു ചിത്രമാണ് മരക്കാര്‍’- നന്ദു പറഞ്ഞു.
Post Your Comments