InterviewsLatest NewsNEWS

സംവിധായകൻ നല്‍കിയ സ്വാതന്ത്രൃവും, മറ്റ് താരങ്ങള്‍ നല്‍കിയ സ്പേസുമാണ് ഹരിപ്രിയയെ ഭംഗിയാക്കാന്‍ സഹായിച്ചത് :ഗ്രേസ് ആന്റണി

കൊച്ചി : ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു ഗ്രേസ് അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹത്തിലെ നായിക കഥാപാത്രമായ ഹരിപ്രിയയെ പറ്റി ഗ്രേസ് പറയുകയാണ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍.

ഗ്രേസിന്റെ വാക്കുകൾ :

‘ഓരോ കഥാപാത്രവും ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയെ പറ്റി പഠിക്കാനും അവരുടെ സ്വഭാവരീതികള്‍ മനസിലാക്കാനും ശ്രമിക്കാറുണ്ട്. ഒരു കഥ പറഞ്ഞു തരുമ്പോള്‍ തന്നെ ആ സംവിധായകന്റെ അല്ലെങ്കില്‍ എഴുത്തുകാരന്റെ മനസില്‍ ആ കഥാപാത്രത്തെക്കുറിച്ചുള്ള ആശയം നമ്മളിലേക്കെത്തിക്കുക എന്നത് അവരുടെ വിജയമാണ്. രതീഷേട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഹരിപ്രിയയെ എനിക്ക് മനസിലാക്കാനായി. അത്ര സമഗ്രമായാണ് അദ്ദേഹം തിരക്കഥ പറഞ്ഞു തന്നത്.

വൈകാരികമായ കുറേ മുഹൂര്‍ത്തങ്ങളിലൂടെ ഹരിപ്രിയ കടന്നു പോകുന്നുണ്ട്. സീരിയല്‍ നടിയാണ്. സമൂഹത്തിലെ പല സ്ത്രീകളും നേരിടുന്ന പല പ്രശ്‌നങ്ങളും അവളിലൂടെ പറയുന്നുണ്ട്. ഒരു പരിധി കഴിയുമ്പോഴാണ് അവള്‍ പൊട്ടിത്തെറിക്കുന്നത്. അത്തരം കഥാസന്ദര്‍ഭങ്ങള്‍ ഞാനാദ്യമായാണ് ചെയ്യുന്നത്.

വാക്കുകളിലൂടെയാണ് ഹരിപ്രിയയുടെ വികാരങ്ങള്‍ കൂടുതലും പ്രകടിപ്പിക്കുന്നത്. ധാരാളം സംഭാഷണങ്ങളുണ്ടായിരുന്നു. കാണാപാഠം പഠിച്ചാണ് അവതരിപ്പിച്ചത്. ഹരിപ്രിയയെ നന്നായി അവതരിപ്പിക്കാന്‍ നിവിന്‍ ചേട്ടന്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നല്ല പിന്തുണ തന്നു. പിന്നെ രതീഷേട്ടന്‍ നല്‍കിയ സ്വാതന്ത്രൃം, കൂടെ നിന്ന മറ്റ് താരങ്ങള്‍ നല്‍കിയ സ്‌പേസ് അതെല്ലാമാണ് ഹരിപ്രിയയെ ഭംഗിയാക്കാന്‍ എന്നെ സഹായിച്ചത്’- ഗ്രേസ് ആന്റണി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button