നടനും സംവിധായകനുമായ ആർഎൻആർ മനോഹർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ചെന്നെെ: നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചു. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോ​ഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാ​ഗൈ സൂഡും ആണ് അവസാന ചിത്രം.

Share
Leave a Comment