കൊച്ചി : കോവിഡ് പ്രതിസന്ധിയിലായിരുന്ന തിയേറ്ററുകളെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് ദുല്‍ഖറിന്റെ കുറുപ്പ്. പുറത്തിറങ്ങി നാല് ദിവസം കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. എന്നാൽ തീയേറ്റർ ഉടമകൾ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയോട് വഞ്ചന കാണിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ‘കുറുപ്പ്’ നിർമ്മാതാക്കൾ.
50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയേറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തി. എന്നാൽ കൂടുതല്‍ ആളുകളെ കയറ്റിയ തിയേറ്ററുകള്‍ കളക്ഷന്‍ റെക്കോഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് കുറുപ്പ് നിർമ്മാതാക്കൾ ഇപ്പോൾ ഫിയോകിന് പരാതി നൽകിയിരിക്കുന്നത്.
ഇതോടെ പരാതിയിന്മേല്‍ നടപടി എന്ന നിലയില്‍ കളക്ഷന്‍ ഡീറ്റെയില്‍സ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കണം എന്നും, സിസിടിവി ഫൂട്ടേജ് ആവശ്യപ്പെടുമ്പോല്‍ നല്‍കണമെന്നും തിയേറ്റര്‍ ഉടമകളോട് ഔദ്യോഗിക കുറിപ്പിലൂടെ ഫിയോക് നിര്‍ദേശിച്ചു. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തിയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തിയേറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംഘടനാഭാരവാഹികള്‍ പറയുന്നു.
പടം ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മ്മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് തിയേറ്ററുകളില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനും വേണ്ടി എല്ലാ തിയേറ്ററുകളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ഫിയോക് അയച്ച കുറിപ്പിൽ പറയുന്നു.
Post Your Comments