
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) ഫെബ്രുവരിയിലേക്ക് മാറ്റിയ സാഹചര്യം വിശദീകരിച്ച് ലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ഡിസംബര്‍ 10 മുതല്‍ ചലച്ചിത്രമേള തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചത്. ഡിസംബര്‍ 2ന് മരക്കാര്‍ റിലീസ് ചെയ്യുന്നതോടെ ഫിലിം ഫെസ്റ്റിവലിന് തിയേറ്റര്‍ കിട്ടില്ല എന്ന സ്ഥിതിയുള്ളതിനാല്‍ മേള മാറ്റിവെക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.. ഇതിനെതിരെയാണ് കമല്‍ രംഗത്തെത്തിയിരിക്കുന്നത്.
കമലിന്റെ വാക്കുകൾ:
‘ചലച്ചിത്രമേളയുടെ പ്രധാന വേദിയായ കൈരളി തിയേറ്ററില്‍ പണിനടക്കുന്ന സാഹചര്യമായതിനാലാണ് ഫെസ്റ്റിവല്‍ മാറ്റിവെക്കാന്‍ കാരണം. ഫെബ്രുവരിക്ക് മുന്‍പായി തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ സാധിക്കും. ചലച്ചിത്രമേളയുടെ ഉദ്ഘാടനമടക്കമുള്ള പ്രധാന ചടങ്ങുകള്‍ എല്ലാം കൈരളി തിയേറ്ററില്‍ വെച്ചാണ് നടക്കാറുള്ളത്.
ഫെസ്റ്റിവലിനെത്തുന്ന ഡെലിഗേറ്റ്സുകള്‍ക്കും കൈരളി തിയേറ്ററിനോട് വൈകാരികമായ അടുപ്പമാണുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ധന്യ, രമ്യ തുടങ്ങിയ തിയേറ്ററുകള്‍ പൊളിച്ചതും മേള നീട്ടിവെക്കാന്‍ കാരണമായി. കൈരളി, നിള, ശ്രീ, കലാഭവന്‍, ന്യൂ, കൃപ, പത്മനാഭ തുടങ്ങിയ 12 തിയേറ്ററുകളാണ് ഇത്തവണ ചലച്ചിത്രമേളയുടെ വേദി’- കമൽ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ തവണ നാല് മേഖലകളിലായായിരുന്നു മേള നടന്നിരുന്നത്. ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചു വരികയാണ് എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ മേളയ്ക്കുണ്ട്.
Post Your Comments