GeneralLatest NewsNEWS

‘നിനക്കെന്തിനാ സിനിമാപ്പണി’, കെങ്കേമം തുടങ്ങുമ്പോൾ ഒത്തിരി പേർ ചോദിച്ചുവെന്ന് സംവിധായകൻ ഷാമോൻ ബി പറേലിൽ

‘നിനക്കെന്തിനാ സിനിമാപ്പണി എന്നാണ്‌ കെങ്കേമം എന്ന സിനിമ തുടങ്ങുമ്പോൾ എന്നോട് ഒത്തിരി പേർ ചോദിച്ചത്. സിനിമ തുടങ്ങി പാതി വഴിയിൽ ആയപ്പോൾ വലിയ പടമല്ലെങ്കിൽ ബിസിനസ് ആകുവാൻ പ്രയാസമാണ്, ആരും തിരിഞ്ഞു നോക്കില്ല എന്നും ചിലർ പറഞ്ഞു . റിലീസാകുവാൻ കുറച്ചു കൂടി പണിയുണ്ട് , അതിന്റെ പ്രശ്നങ്ങളിലാണെന്നു പറഞ്ഞപ്പോൾ, സിനിമ ഒരു ചൂതുകളി പോലെയാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നൂ ചിലർ! ഇത് അവർക്കുള്ള ചുട്ടമറുപടി ഒന്നുമല്ല’- സംവിധായകൻ ഷാമോൻ ബി പറേലിൽ പറയുന്നു.

‘ഒരേ ഒരു ചോദ്യം മാത്രം. ഏതു വ്യാപാരത്തിനാണ് സ്ഥിരതയുള്ളത്? കഴിഞ്ഞ 26 വർഷമായി ഞാൻ സിനിമ കൊണ്ടാണ് ജീവിക്കുന്നത്. 6 വർഷം മുൻപ് ഒരിടവേള എടുത്തൂ. ഒരു IT പ്രോഡക്റ്റ് ഉണ്ടാക്കി. എല്ലാം സിനിമ തന്നതാണ് എനിക്ക്. ആ സിനിമാ ഇൻഡസ്ട്രിയിൽ ഒരു പ്രാവശ്യമെങ്കിലും, കപ്പിത്താനെന്ന പോസ്റ്റിങ്ങ് ആയ സംവിധായകൻ്റെ മേലങ്കി അണിയണം എന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നൂ.അത് ഇപ്പോൾ കെങ്കേമം എന്ന ചിത്രത്തിലൂടെ കൈവരിക്കാൻ പോകുന്നു.ഇത് ജീവിതത്തിലെ ഒരു നേട്ടമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നൂ. ഇതുവരെയുള്ള എന്റെ പരിജ്ഞാനം പ്രാവർത്തീകമാക്കണം എന്ന് ഞാനാഗ്രഹിക്കുന്നൂ. കെങ്കേമം അതിനു തുടക്കമായതിൽ ഞാൻ സന്തോഷിക്കുന്നൂ’-ഷാ മോൻ പറഞ്ഞു.

‘ചെറിയ വലിയ സിനിമ എന്ന് ചിന്തിക്കുന്നവർക്ക്, എന്താണ് വലിയ സിനിമ..? ഏതാണ് ചെറിയ സിനിമ..? നന്നായി സിനിമ എടുത്താൽ ,നൂൺ ഷോയും, മാറ്റിനിയും കഴിയുമ്പോൾ ജനം വിധി പറയും. ഇത് നല്ലതാണ്, പോരാ എന്നൊക്കെ..! പിന്നെ ഇനീഷ്യൽ പുള്ളിങ്. അതിൽ യാഥ്യാർഥ്യം ഉണ്ട് വലിയ ഫാൻ ബെയ്‌സ് ഇല്ലാത്ത താരങ്ങൾക്കു തുടക്കത്തിൽ വലിയ ജനക്കൂട്ടം ഒരിക്കലും ഉണ്ടായെന്നു വരില്ല. ചാക്കോച്ചൻ അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമ അന്ന് കവിതാ തീയേറ്ററിൽ നിന്നും ഒരാഴ്ചകൊണ്ട് മാറ്റേണ്ടി വരും എന്ന് പലരുംപറഞ്ഞു. പക്ഷെ ജനവിധി, ആ പടം അതേ തീയേറ്ററിൽ നിന്നും മാറുന്നത് നൂറു ദിവസം കഴിഞ്ഞാണ്.

സിനിമക്കു വിധി പറയുന്നത് പൊതു ജനം ആണ്. ഇന്ന് ‘കുറുപ്പ്’ കൊറോണ കാലത്ത് ജനം പുറത്തിറങ്ങില്ല എന്ന് വിധി എഴുതിയ സമയം. എന്നിട്ടെന്തായി തീയേറ്റർ പൂരപ്പറമ്പായില്ലേ. ഇവിടെ ജനം ആണ് എല്ലാം തീരുമാനിക്കുന്നത്. മുൻവിധിക്കാരോട് പറയാനുള്ളത്.ഒന്നും പ്രവചിക്കാൻ ആർക്കും അവകാശമില്ല ഇവിടെ. സ്വന്തം ജീവന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ലോകത്ത് മുൻ വിധികൾക്കെന്തു സ്ഥാനം. ഒരു സിനിമ എന്നത് ഒത്തിരിപേരുടെ അന്നമാണ്, പ്രതീക്ഷകളാണ്. അധ്വാനമാണ്. ഓരോ മനുഷ്യന്റെയും മനസ്സിനെ ചിന്തിപ്പിക്കുവാനും, സാന്ത്വനപ്പെടുത്താനും, പ്രചോദനം നൽകാനും കഴിവുള്ള ശബ്ദ ദൃശ്യ മാധ്യമമാണ് സിനിമ. പ്രേക്ഷകന്റെ മനസ്സിലുള്ള പ്രശ്നങ്ങൾക്ക് സിനിമകൊണ്ട് എന്തെങ്കിലും ഒരു ആശ്വാസം,ലഭിച്ചാൽ പ്രേക്ഷകൻ അതിൽ സന്തോഷവാനാണ്. അവർ സിനിമയെ വിലയിരുത്തി ശുപാർശ ചെയ്യും. ആ സിനിമ ഒന്ന് പോയി കാണണം എന്ന്..! എന്നാൽ സിനിമ കാണാതെ മുൻവിധിയുമായി, അഭിപ്രായം പറയുന്ന ചിലരുണ്ട് അതാണ് സിനിമയുടെ ശാപം. അവർക്കു എല്ലാം മുൻ വിധികൾ മാത്രമാണ്. പഠിക്കുന്ന കുട്ടികളെ നോക്കിയിട്ടു ഇവനൊക്കെ പഠിച്ചിട്ടെന്താ കാര്യം എന്ന് ചോദിക്കുന്ന ചിലരില്ലേ..അവരെപ്പോലെ!

നൂറുകണക്കിന് സിനിമകൾ ഒരു വർഷം വരുന്നുണ്ട്. എല്ലാവരും ഇതൊക്കെത്തന്നെയാ സിനിമയിൽ പറയാറ്, എന്നുള്ള പരിഹാസം പലരുടെയും വായീന്നു കേട്ടു.. ശരിയാണ്, ഇല്ലെന്നു പറയുന്നില്ല, നൂറു കണക്കിന് സിനിമകൾ വരുമ്പോൾ ആയിരക്കണക്കിന് പേർ ജീവിക്കുന്നുണ്ട്. പതിനായിരത്തോളം വരുന്ന ആളുകൾക്ക് പരോക്ഷമായി തൊഴിൽ ലഭിക്കുന്നുണ്ട്. അതെന്താണ് ചിന്തിക്കാത്തത്..? സിനിമയിലെ ചിലവുകൾ, അതിന്റെ ബിസിനസിന് അനൂപാതീകമായി നിലനിർത്തിയാൽ ഉറപ്പായും നഷ്ട്ടം വരില്ല. അതറിയേണ്ടത് അത്യാവശ്യ ഘടകമാണ്. ചെറിയ ബഡ്ജറ്റ് സിനിമയെടുക്കുമ്പോൾ, വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം. അങ്ങിനെ ചെയ്യണം എങ്കിൽ സംവിധായകന്റെ ആത്മവിശ്വാസത്തിനനുസരിച്ചു സിനിമയെടുക്കുവാനുള്ള സാഹചര്യം കൊടുക്കണം. ഇവിടെ കഥപറഞ്ഞു ഇഷ്ട്ടപ്പെട്ടാൽ പിന്നെ മാറ്റങ്ങളാണ്. അവരവർക്കു തോന്നുന്നത് പോലെ മാറ്റി ,അത് ഓരോരുത്തരുടെയും ഇഷ്ട്ടപ്പെട്ട സിനിമയാക്കാൻ ശ്രമിക്കും. അങ്ങിനെ വരുമ്പോൾ സബ്‌ജെറ്റിന്റെ ആത്മാവ് നഷ്ടപ്പെടും. നഷ്ടമായാൽ, സംവിധായകന് കുറ്റം. പ്രൊഡ്യൂസർക്കു കാശും പോകും. അത് വരെ കഥപറഞ്ഞവരൊക്കെ ‘എനിക്കിതു പണ്ടേ അറിയാമായിരുന്നൂ എന്നും പറയും’

സൂപ്പർ താരങ്ങൾക്കു അറിയാം അവരുടെ ഫാൻസിനു എന്ത് വേണം എന്ന്. അവർക്കു മിനിമം ഗ്യാരണ്ടിയും ഉണ്ട്. അതിനാൽ തന്നെ ബിസിനസ് ആകുന്ന സിനിമക്ക് മാത്രമേ അവർ ഡേറ്റ് നൽകൂ.. എന്നാൽ ഒരു നല്ല സംവിധായകൻ വിചാരിച്ചാൽ സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കാം. അൻവർ റഷീദ് ഉസ്താദ് ഹോട്ടൽ ചെയ്തപ്പോൾ ദുൽഖർ സൂപ്പർ താരമല്ല. ആഷിഖ് അബു മയനാദി ചെയ്തപ്പോൾ, ടോവിനോ മിനിമം ഗ്യാരണ്ടി ഉള്ള ആർട്ടിസ്റ്റുമല്ല. എന്തിനു വിനയൻ ‘സത്യം’ ചെയ്യുമ്പോൾ പ്രിഥ്വിരാജിന്..മാർക്കറ്റുണ്ടോ..? ഇല്ല.

സിനിമയിൽ വലിയ സിനിമ, ചെറിയ സിനിമ എന്നൊന്നില്ല. കലകളുടെ സംഗമമാണ് സിനിമ. അത് പുറത്തു വന്നു പൊതുജനം വിധി പറയുന്നത് വരെ ആർക്കും മുൻ വിധി പറയുവാനുള്ള അധികാരമില്ല. കാരണം ആരും ദൈവങ്ങളല്ല. ഞങ്ങളുടെ സിനിമയായ ‘കെങ്കേമം’ രണ്ടുമണിക്കൂർ പ്രേക്ഷകർക്ക് ബോറടിക്കാതെ കാണാൻ കഴിയും എന്നൊരു ഉറപ്പും എനിക്കുണ്ട്.അതുകൊണ്ട് തന്നെ ഞാൻ വിശ്വസിക്കുന്നൂ പ്രേക്ഷകർ എന്നോടൊപ്പം ഉണ്ടാകും എന്ന്’- ഷാമോൻ കൂട്ടിച്ചേർത്തു.

പി.ആർ.ഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button