ചെന്നൈ: യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജ്ഞാനവേൽ സംവിധാനം ചെയ്ത് നടന്‍ സൂര്യ നിര്‍മിച്ച് അഭിനയിച്ച ‘ജയ് ഭീം’ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പൊലീസ് ആക്രമണം ആസ്പദമാക്കി എടുത്ത ചിത്രം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കൂടാതെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
‘ജയ് ഭീമിലെ’ സെന്‍ഗിണി എന്ന കഥാപാത്രമാണ് പാര്‍വതിയുടെ ജീവിതം പറഞ്ഞത്. എന്നാല്‍ സിനിമയിലെ സെന്‍ഗിണിയില്‍ നിന്ന് ഏറെ വ്യത്യസ്തമായി ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബവുമായി താമസിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോളിതാ പാര്‍വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുകയാണെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തുമെന്നും മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.
Post Your Comments