മഞ്ജു വാര്യര്‍, സൗബിന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന സിനിമയ്ക്കെതിരേ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ മഹേഷ് വെട്ടിയാര്‍. 2019ല്‍ താന്‍ സിനിമയുടെ പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 1985ല്‍ പുറത്തിറങ്ങിയ വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായ തോമസ് ബര്‍ളിയുടെ അനുവാദം വാങ്ങിയത് ആണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ മഹേഷ് പറയുന്നു. തന്റെ സിനിമയ്ക്കെതിരെ വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ നടക്കുന്നു. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യര്‍ക്കും സൗബിനും തനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി മാറിയതിനാലാണ് വിശദീകരണവുമായി എത്തിയത് എന്ന് മഹേഷ് പറയുന്നു.
read also: നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി: വരൻ സംവിധായകൻ
മഹേഷ് വെട്ടിയാരുടെ കുറിപ്പ്
മഞ്ജു വാര്യരെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഞാന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാപട്ടണം’ എന്ന സിനിമയെക്കുറിച്ച് പ്രചരിക്കുന്ന ചില വാര്‍ത്തകളുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ കുറിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ സിനിമയ്‌ക്കെതിരേ തീര്‍ത്തും വാസ്തവവിരുദ്ധമായ വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്റെ വഴി സിനിമ മാത്രമാണ്. അതിലൂടെ വാദപ്രതിവാദങ്ങളിലൊന്നും പെടാതെ സ്വച്ഛമായി സഞ്ചരിച്ച് നല്ല സിനിമകള്‍ ഒരുക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് ഇത്രയും ദിവസം നിശബ്ദത പാലിച്ചത്. പക്ഷേ അധിക്ഷേപങ്ങളും ആരോപണങ്ങളും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജു വാര്യര്‍ക്കും സൗബിന്‍ഷാഹിറിനുമെതിരേയും എനിക്കെതിരേയുമുള്ള വ്യക്തിഹത്യയായി മാറിയത് കണ്ട് സഹികെട്ടാണ് ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
ആറു വര്‍ഷം മുമ്പ് സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചിറങ്ങിയവനാണ് ഞാന്‍. പരാധീനതകളും വേദനകളും എനിക്കുമുണ്ട്. എന്റെ കുടുംബവും എന്നെച്ചൊല്ലി ആകുലപ്പെടുന്നുണ്ട്. പക്ഷേ പട്ടിണിയും പരിവട്ടവും പറഞ്ഞ് സിനിമയില്‍ ഒന്നും നേടാനാകില്ല എന്ന് എനിക്ക് നന്നായി അറിയാം. പരിശ്രമിക്കുക. അതു മാത്രമാണ് മാര്‍ഗം. ഞാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരുപാട് തിരസ്‌കാരങ്ങളും അവഗണനയും അനുഭവിച്ചിട്ടുണ്ട്. അലഞ്ഞും കിതച്ചും തളര്‍ന്നും വെയിലുകൊണ്ടും മഴ നനഞ്ഞുമൊക്കെയുള്ള യാത്രയായിരുന്നു. ഒരു സിനിമ സ്വന്തമായി നിര്‍മിക്കാനുള്ള സാമ്പത്തികാവസ്ഥ എനിക്കില്ല. അതു കൊണ്ട് നിര്‍മാതാക്കളെ തേടിയും അഭിനേതാക്കളെ തേടിയും ഒരുപാട് നടന്നു. ഒടുവില്‍ 2018-ല്‍ നിര്‍മാതാക്കളെ കിട്ടി. കഥ മഞ്ജു വാര്യരോട് ആദ്യം പറഞ്ഞു. പിന്നീട് സൗബിനോടും. ‘വെള്ളരിക്കാപട്ടണം’ എന്ന പേരാണ് സിനിമയ്ക്കായി കണ്ടെത്തിയത്. മലയാളത്തില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന ആരും ചെയ്യുന്നതു പോലെ ഞാനും എന്റെ നിര്‍മാതാക്കളും 2019ല്‍ കേരള ഫിലിം ചേംബറിനെ സമീപിച്ചു. ഫിലിം ചേംബറാണ് മലയാള സിനിമയുടെ പരമാധികാര കേന്ദ്രം.
ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ നിയമസാധുതയുള്ളൂ. മലയാള സിനിമയിലെ ആരോടു ചോദിച്ചാലും അറിയാവുന്ന നിസാരവിവരമാണിത്. ചേംബറില്‍ ഒരു സിനിമ രജിസ്റ്റര്‍ ചെയ്യുന്നതിന് രണ്ടര ലക്ഷം രൂപയുടെ ആവശ്യമില്ല. 5000 രൂപയ്ക്കടുത്ത് മതി. ‘വെള്ളരിക്കാപട്ടണം’ എന്ന പേരില്‍ 1985 ല്‍ ശ്രീ.തോമസ് ബര്‍ളി നിര്‍മിച്ച്, സംവിധാനം ചെയ്ത ചിത്രമുണ്ടെന്ന് ഗൂഗിളില്‍ പരതാതെ തന്നെ അറിയാമായിരുന്നു. ആ ‘വെള്ളരിക്കാപട്ടണ’ത്തെക്കുറിച്ച് മാത്രമേ ഫിലിം ചേംബറിനും അറിവുണ്ടായിരുന്നുള്ളൂ. ‘വെള്ളരിക്കാ പട്ടണം’ എന്ന പേര് പുനരുപയോഗിക്കുന്നതിനായി ശ്രീ. തോമസ് ബര്‍ളിയെ ഞങ്ങള്‍ ബന്ധപ്പെട്ടു. തന്റെ സിനിമയുടെ പേര് ഉപയോഗിക്കുന്നതിന് അദ്ദേഹം സന്തോഷത്തോടെ ഞങ്ങള്‍ക്ക് അനുമതി തന്നു.
(സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനും കേരള ഫിലിം ചേംബറിനും ശ്രീ.തോമസ് ബര്‍ളി നല്കിയ സമ്മതപത്രങ്ങള്‍ ഇതോടൊപ്പം)ചേംബറില്‍ രജിസ്ട്രേഷന് പോകുന്നതിന് ഒരു മാസം മുമ്പായിരുന്നു ഇത്. ശ്രീ. തോമസ്ബര്‍ളിയുടെ സമ്മതപത്രവുമായാണ് ഞങ്ങള്‍ ഫിലിം ചേംബറിനെ സമീപിച്ചത്. തെന്നിന്ത്യന്‍ സിനിമയുടെ ടൈറ്റില്‍രജിസ്ട്രേഷനിലെ മറ്റൊരിടമായ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണങ്ങള്‍ക്കും, നിര്‍മാതാക്കള്‍ സമര്‍പ്പിക്കുന്ന രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കും ശേഷം മാത്രമേ കേരള ഫിലിം ചേംബര്‍ ടൈറ്റില്‍ അനുവദിക്കൂ. വേറെ ആരെങ്കിലും ഇതേ പേര് ചേംബറിലോ അതുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ടൈറ്റില്‍ കിട്ടില്ല. ഇങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം 2019 നവംബര്‍ 5ന് കേരള ഫിലിം ചേംബര്‍ ഞങ്ങള്‍ക്ക് ‘വെള്ളരിക്കാപട്ടണം’ എന്ന ടൈറ്റില്‍ അനുവദിച്ചു.
(ഇതിന്റെയും, ലോക്ഡൗണും കോവിഡ്നിയന്ത്രണങ്ങളും മൂലം സിനിമ തുടങ്ങാന്‍ വൈകിയപ്പോള്‍ രജിസ്ട്രേഷന്‍ ക്യത്യമായി പുതുക്കിയതിന്റെയും തെളിവ് ഇതോടൊപ്പം)സൗത്ത് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്ന സംഘടനയ്ക്ക് മലയാള സിനിമയില്‍ നിയമസാധുതയുള്ളതായി എന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടില്ല. നിങ്ങള്‍ക്കും അന്വേഷിക്കാവുന്നതാണ്. (ഈ സംഘടനയുടെ പേര് ഗൂഗിളില്‍ വെറുതേ ഒന്ന് തിരയാന്‍ അഭ്യര്‍ഥിക്കുന്നു) സിനിമയിലും സാധാരണ ജീവിതത്തിലും ഉച്ചനീചത്വങ്ങളില്‍ വിശ്വസിക്കുന്നവനല്ല ഞാന്‍.
Post Your Comments