മലയാളികളുടെ ശബ്ദ സൗന്ദര്യമാണ് യേശുദാസ്. ആലാപനത്തിലൂടെ ആസ്വാദകഹൃദയങ്ങളിൽ ലബ്ധ പ്രതിഷ്ഠ നേടിയ ഗാനഗന്ധർവന്റെ അറുപതു വർഷങ്ങൾ ഓർത്തെടുത്ത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. സത്യൻ മുതൽ നിവിൻ പോളി വരെയുള്ള ഏഴ് വേണ്ടി ഗാനം ആലപിക്കാൻ യേശുദാസിനു കഴിഞ്ഞുവെന്നത് ഒരു ചരിത്രമാണ്. ഒരു പക്ഷേ മറ്റൊരു ഗായകനും ഇത്തരം ഒരു ഭാഗ്യം ലഭിച്ചുണ്ടാകില്ല.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ യേശുദാസിനു പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്. മലയാളികളുടെ ഗാനഗന്ധർവ്വന്റെ ആലാപനചാരുതയെക്കുറിച്ചു യേശുദാസിന് ആദരമർപ്പിച്ചുള്ള കാൽപ്പാടുകൾ എന്ന വീഡിയോവിൽ മോഹൻലാൽ പങ്കുവയ്ക്കുന്നു.
‘സംഗീതം എന്നെഴുതി സമം ഇട്ടാൽ ഇപ്പുറത്ത് നമ്മൾ യേശുദാസ് എന്നെഴുതി പൂരിപ്പിക്കും. ടി വി ഇല്ലാതിരുന്ന കാലത്ത് റേഡിയോവിലുടെ യേശുദാസിന്റെ ഗാനം കേട്ട് നമ്മൾ അദ്ദേഹത്തെ ഗന്ധർവ്വൻ എന്നു വിളിച്ചു’- മോഹൻലാൽ പറയുന്നു.
താൻ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഗാനം മുതൽ മഞ്ഞിൽ വിരഞ്ഞ പുക്കൾ, ഒറ്റക്കമ്പി നാദം,ഉണ്ണികളെ ഒരു കഥ പറയാം,രാമകഥാ ഗാനലയം, തുടങ്ങി മോഹൻലാലിന് വേണ്ടി യേശുദാസ് ആലപിച്ച ശ്രദ്ധേയ ഗാനങ്ങളുടെ രണ്ടു വരികൾ പടിക്കൊണ്ടാണ് ഒരോ അനുഭവങ്ങളും ഓർത്തെടുക്കുന്നത്.യേശുദാസിന് ദേശിയ അവാർഡ് ലഭിച്ച രണ്ട് ഗാനങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ അഞ്ചോളം പാട്ടുകൾക്ക് സംസ്ഥാനം പുരസ്‌കാരവും ലഭിച്ചു. ഈ അഞ്ചു ചിത്രങ്ങളും നിർമ്മിക്കുവാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി മോഹൻലാൽ പറയുന്നു.
മാത്രമല്ല മലയാള സിനിമയില് ദേസട്ടൻ പാടിയ രണ്ട് ഇതരഭാഷ ഗാനങ്ങളിലും അഭിനയിക്കുവാനുള്ള നിയോഗവും തനിക്കുണ്ടായതായി മോഹൻലാൽ പങ്കുവച്ചു. ഒന്ന് ഹിസ് ഹൈനസ് അബ്ദുള്ളയിലെ തുബടി മാഷ അള്ള എന്ന ഗാനവും മറ്റൊന്ന് അങ്കിൾ ബണ്ണിലെ ഇംഗ്ലീഷ് ഗാനവും. യേശുദാസ് തന്റെ മാനസഗുരുവാണെന്നും മോഹൻലാൽ വെളിപ്പെടുത്തി. അതിന്റെ കാരണം താരം വിശദീകരിക്കുന്നത് ഇങ്ങനെ.. ‘പാട്ടിൽ അല്ല അദ്ദേഹം എന്റെ മാനസ ഗുരു.. പാട്ടിൽ അദ്ദേഹം എവിടെ നിൽക്കുന്നു.. ഞാൻ എവിടെ കിടക്കുന്നു..യേശുദാസിന്റെ സംഗീതക്കച്ചേരികളുടെ നിരവധി കാസറ്റുകൾ താൻ രഹസ്യമായി കാണാറുണ്ടായിരുന്നു. അദ്ദേഹത്തെപോലെ പാടാനോ അനുകരിക്കാനോ അല്ല. ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങൾ, സ്വരസ്ഥാനങ്ങളിലെ ഉച്ചാരണരീതികൾ , മുഖഭാവങ്ങൾ എല്ലാം കണ്ടു പഠിച്ചു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കച്ചേരി രംഗങ്ങളിൽ അതെനിക്ക് പ്രയോജനപ്പെട്ടു. ഈ രംഗങ്ങളിലെ അഭിനയമൊക്കെ നന്നായെന്ന് ആളുകൾ പറയുന്നുവെങ്കിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നു. ദാസേട്ടന്റെ പാട്ടുകൾക്കായി ഞാൻ ഇനിയും കാത്ത് നിൽക്കു്ന്നുവെന്ന് പറഞ്ഞാണ് വീഡിയോ മോഹൻലാൽ അവസാനിപ്പിക്കുന്നത്.
തിരനോട്ടം മുതൽ വില്ലൻ വരെയുള്ള തന്റെ ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങളാണ് മോഹൻലാൽ കാൽപാടുകൾ എന്ന വീഡിയോയിലൂടെ പ്രിയഗായകന് സമർപ്പിച്ചിരിക്കുന്നത്.
Post Your Comments