കൊച്ചി: 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ കണ്ടത് യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്.
Also Read:യേശുദാസിന്റെ അറുപത് കൊല്ലം പൂര്‍ത്തിയാക്കിയ സംഗീതയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
ഇപ്പോളിതാ സിനിമാ സംഗീത മേഖലയില്‍ അറുപത് കൊല്ലം പൂര്‍ത്തിയാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വര്‍ യേശുദാസിന് ആശംസകള്‍ നേർന്നിരിക്കുകയാണെന്ന് പ്രിയതാരം മമ്മൂട്ടി. ‘കാൽപ്പാടുകൾ’ൽ തുടങ്ങി അറുപത് വർഷമായി തുടരുന്ന സംഗീത സപര്യയ്ക് സാദരം എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. മോഹൻലാലും ആശംസകൾ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
‘പ്രിയപ്പെട്ട ദാസേട്ടാ, സംഗീതത്തിന്റെ സ്വര്‍ഗ വസന്തമായി അങ്ങു ഞങ്ങളില്‍ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി. ആ ശബ്ദത്തിന്റെ ഏകാന്തതകളില്‍ സ്വര്‍ഗ്ഗം എന്തെന്നറിഞ്ഞു. മനസ്സില്‍ നന്മകള്‍ ഉണര്‍ന്നു. വേദനകള്‍ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി. നന്ദിയോടെ ഓരോ മലയാളികള്‍ക്കുമൊപ്പം ഈ ഹൃദയ സ്പന്ദനങ്ങള്‍ അങ്ങയ്‌ക്ക് സമര്‍പ്പിക്കട്ടേ. എന്നിട്ട് ഇനിയുമിനിയും കാതോര്‍ത്തിരിക്കട്ടെ’, മോഹൻലാൽ കുറിച്ചു.
Post Your Comments