കൊച്ചി : ‘കസബ’യ്ക്കു ശേഷം നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന പ്രതികാര കഥ പറയുന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായ ‘കാവൽ’. തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും എത്തുന്നു. നവംബർ 25ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് .
സിനിമയ്ക്ക് വൻതുക ഒടിടിയിൽ നിന്നും ഓഫർ വന്നിരുന്നതായും, തിയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് താൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ലെന്ന ബോധ്യത്തോടെ മുന്നോട്ടു പോകുകയായിരുന്നുവെന്നും നിർമ്മാതാവ് ജോബി ജോർജ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘എനിക്ക് ഒടിടിയിൽ നിന്നും വൻ ഓഫർ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവർ ‘കാവലി’ന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. എനിക്ക് പക്ഷേ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ തിരിച്ച് കിട്ടും. എനിക്ക് അത് മതി. ആർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓസ്ട്രേലിയിൽ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച് ജീവനോപാധി കണ്ടെത്താൻ. നമ്മുടെ നാട്ടിലും ഇപ്പോൾ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യിൽ മാത്രം ഇരുന്നാൽ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത് തിയറ്ററുകളുടെയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. എനിക്ക് സഹനിർമ്മാതാക്കൾ ഒന്നുമില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തിയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തിയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ. പോസ്റ്റർ ഒട്ടിക്കുന്നർ, ഫ്ലക്സ് നിർമ്മിക്കുന്നവർ അങ്ങനെ ഒരുപാട് പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് ഞാൻ മാത്രം നന്നാകുന്നത് ശരിയല്ല എന്ന് തോന്നി’- ജോബി ജോർജ് പറഞ്ഞു.
Post Your Comments