
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സൂര്യ നായകനായി എത്തിയ ജയ് ഭീം. മലയാളത്തില്‍ ഉള്‍പ്പെടെ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ ചില സംഭവങ്ങളെ സി.പി.എമ്മുമായി ബന്ധപ്പെടുത്തി വളരെയധികം ചർച്ചകൾ ഉരുത്തിരിഞ്ഞിരുന്നു.എന്നാലിപ്പോൾ ജയ് ഭീം സിനിമയ്ക്കോ അതിന് ആസ്പദമായ സംഭവത്തിനോ സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി. 1988ല്‍ സി.പി.എമ്മുമായുള്ള ബന്ധം അവസാനിച്ചതാണെന്നും 1993ലാണ് രാജാക്കണ്ണ് സംഭവം നടക്കുന്നതെന്നും ചന്ദ്രു പറഞ്ഞു.
‘ഞാനൊരു സ്വതന്ത്രൃ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. 1988 ഓടെ സി.പി.എമ്മുമായുള്ള എന്റെ ബന്ധം അവസാനിച്ചു. 93ലാണ് രാജാക്കണ്ണ് സംഭവം. അപ്പോള്‍ ഞാന്‍ സി.പി.എം ബന്ധമുള്ള കേസുകളൊന്നും നടത്തിയിരുന്നില്ല. 88ല്‍ എന്നെ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. പക്ഷെ ഞാൻ ഇന്നും മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു. പക്ഷെ അതിനു നിങ്ങൾക്ക് ഒരു പാർട്ടി ടാഗ് ആവശ്യമില്ല. പാർട്ടിയിൽ നിന്നോ സംഘടനയിൽ നിന്നോ നിങ്ങളെ പിരിച്ച് വിട്ടാലും അവരുമായുള്ള ബന്ധം അവസാനിച്ചാലും കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ മാറണമെന്നില്ല. കേസിന് ശേഷവും എനിക്ക് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഒരു അംഗീകാരവും ലഭിച്ചിട്ടില്ല. ഇടതു നേതാക്കള്‍ ഈ കേസില്‍ നീതിക്കായി സജീവമായി ഇടപെടുന്നത് സിനിമയിൽ കാണിക്കുന്നത് കൊണ്ടാണ് സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തില്‍ വലിയ സ്വീകാര്യത കിട്ടുന്നത്. ജയ്ഭീം സിനിമ കണ്ടതിന് ശേഷം കേരളത്തിലെ രണ്ട് മന്ത്രിമാരും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരും വിളിച്ചിരുന്നു’- ജസ്റ്റിസ് ചന്ദ്രു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
Post Your Comments