കൊച്ചി : നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് കോഴിക്കോട് ശാരദ. എങ്കിലും സല്ലാപത്തിലെ വഴക്കാളിയായ അമ്മയാണ് നമ്മുടെയെല്ലാം മനസ്സില്‍ തങ്ങി നില്ക്കുന്ന കഥാപാത്രം. മനസ്സില്‍ ആവോളം സ്നേഹം നിറച്ച വഴക്കിടാനും വായില്‍ വരുന്നത് പറയാനും മടിക്കാത്ത അമ്മ വേഷത്തെ അവിസ്മരണീയമാക്കിയ അവരെത്തേടി പിന്നെയും നിരവധി അവസരങ്ങൾ വന്നു. കോഴിക്കോട് ശാരദ തന്റെ ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ സല്ലാപത്തില്‍ അവരുടെ മകനായി അഭിനയിച്ച നടന് മനോജ് കെ. ജയന് ആ അമ്മയെ അനുസ്മരിക്കുകയാണ്.
മനോജിന്റെ വാക്കുകൾ :
‘വളരെ പാവം ഒരു അമ്മ, മനുഷ്യസ്നേഹി. അതാണെനിക്ക് അവരെക്കുറിച്ച് ആദ്യമേ പറയാനുളളത്. കോഴിക്കോട് ഒരുപാട് നാടകവേദികളില്‍ അഭിനയിച്ചു തെളിഞ്ഞതിന്റെ പരിചയ സമ്പത്തുമായാണ് അവര്‍ സിനിമയിലെത്തുന്നത്. അതിന്റേതായ ഒരു തന്മയത്വവും അനായാസതയും അവരുടെ അഭിനയത്തിലുണ്ടായിരുന്നു. ഒപ്പം അഭിനയിച്ച എന്നിലേക്കു പോലും ആ പ്രതിഭയുടെ പ്രസരിപ്പും പ്രകാശവും പകര്‍ന്നതിനാല്‍ ആ വേഷം ഏറ്റവും അനായാസമായി ചെയ്യാനായി.
സെറ്റില്‍ നിന്നു പിരിഞ്ഞതിനു ശേഷം കാണുന്നത് ‘അമ്മ’യുടെ യോഗങ്ങളിലോ മറ്റോ വച്ചു മാത്രമായി. പൊന്നുമോനേ എന്നു വിളിച്ച് അമ്മ സ്നേഹവുമായി ഓടി വരും. എന്നോട് വിശേഷങ്ങളൊക്കെ തിരക്കും. അറിയാവുന്ന ആരെക്കണ്ടാലും അങ്ങനെ തന്നെയായിരുന്നു പെരുമാറ്റം. ശാരദ ചേച്ചി കോഴിക്കോട് വിട്ട് വരാന്‍ തയാറാകാതിരുന്നതിനാലാകണം അധികം കാണാതിരുന്നത്. സിനിമകളിലാണെങ്കിലും അവര്‍ക്കിണങ്ങുന്ന വിധത്തിലുളള, ആ പ്രായത്തിനനുയോജ്യമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഒരുപാട് പേര് വേറെയുണ്ടായിരുന്നതിനാലാകണം അധികം സിനിമകളും വരാതെ പോയത്. എങ്കിലും എന്നും എല്ലാവരുടെയും ഓര്‍മകളില്‍ നില്ക്കാന് അവര്‍ക്കായി.
മാത്രമല്ല സിനിമയില്‍ സ്വയം മാര്‍ക്കറ്റ് ചെയ്യുന്നതിനും വലിയ പ്രാധാന്യമുണ്ട്. സ്നേഹത്തോടെ എല്ലാവരുടെയും അടുത്തേക്ക് ചെല്ലുമെങ്കിലും എനിക്കൊരു കഥാപാത്രം തരണേ എന്നാരോടും അവര്‍ പറയുമെന്നെനിക്ക് തോന്നുന്നില്ല. പിന്നെ നാടകങ്ങളുടെ ലോകം അവര്‍ വളരെ ആസ്വദിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
ശാരദ ചേച്ചിയെക്കാള്‍ മുന്‍പേ പരിചയപ്പെട്ടത് അവരുടെ ഭര്‍ത്താവ് ഉമ്മറിക്കയെയാണ്. അദ്ദേഹം സര്‍ഗത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. എന്നെയും വിനീതിനെയും രാവിലെ വന്ന് വിളിച്ചുണര്ത്തുന്നതൊക്കെ അദ്ദേഹമായിരുന്നു. ‘ഡാ മോനെ, എണീക്കെടാ, നേരം വെളുത്തു, അറിഞ്ഞില്ലേ എഴുന്നേല്‍ക്ക്, സാറ് സെറ്റിലേക്ക് വരാറായി’ എന്നൊക്കെ പറഞ്ഞുളള വിളിയില്‍ സ്നേഹം മാത്രമായിരുന്നു. നമ്മുടെ വീട്ടിലുള്ള ആരോ വന്ന് വിളിച്ചുണര്‍ത്തുന്ന പോലെ. പിന്നീട് ഞാനും വിനീതും കാണുമ്പോഴൊക്കെ താളത്തിലുള്ള വിളിയെ അനുകരിക്കുമായിരുന്നു, ഓര്‍ത്ത് ചിരിക്കുമായിരുന്നു’ – മനോജ് കെ. ജയന് പറഞ്ഞു.
Post Your Comments