ന്യൂഡല്‍ഹി: 1997 ൽ ഡല്‍ഹി ഉപഹാര്‍ തീയേറ്ററിൽ 59 പേര് തീപിടിത്തത്തിൽ മരിച്ച സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ച കേസില്‍ വ്യവസായ പ്രമുഖരും സഹോദരങ്ങളുമായ സുശീല്‍ അന്‍സാലിനും ഗോപാല്‍ അന്‍സാലിനും ഏഴു വര്‍ഷം തടവുശിക്ഷ. ഇരുവരും 2.25 കോടി രൂപ വീതം പിഴ അടയ്ക്കണമെന്നും ഡല്‍ഹി പട്യാല ഹൗസ് കോടതി വിധിച്ചു. തീപിടിത്തക്കേസിലെ മറ്റു രണ്ടു പ്രതികളായിരുന്ന ഹര് സ്വരൂപ് പന്‍വാറും ധരംവിര്‍ മല്‍ഹോത്രയും വിചാരണയ്ക്കിടെ മരിച്ചു.
അന്‍സാല്‍ സഹോദരന്മാരെ നേരത്തെ സുപ്രീം കോടതി രണ്ടു വര്‍ഷത്തേക്കു ജയിലില്‍ അടച്ചിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും 30 കോടി രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് രാജ്യതലസ്ഥാനത്ത് ട്രോമ കെയര്‍ സെന്റര്‍ സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. 60 കോടി രൂപ പിഴത്തുക ഉപയോഗിച്ചുള്ള രണ്ടാമത്തെ ട്രോമാ കെയര്‍ സെന്ററിന്റെ നിർമ്മാണ പുരോഗതിയെക്കുറിച്ച് കഴിഞ്ഞ ജൂണില്‍ കോവിഡ് തരംഗത്തിനിടെ സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
ദക്ഷിണ ഡൽഹിയിലെ ഗ്രീൻ പാർക്കിലുള്ള ഉപഹാർ തിയറ്ററിൽ 1997 ജൂൺ 13നു ‘ബോർഡർ’ എന്ന ഹിന്ദി സിനിമ പ്രദർശിപ്പിക്കവേയാണു തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. തുടർന്നുണ്ടായ പുകയിലും തിരക്കിലും പെട്ട് 59 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. ഇന്ത്യ–പാക്ക് യുദ്ധവുമായി ബന്ധപ്പെട്ട സിനിമ പ്രദർശിപ്പിച്ച സമയത്തുണ്ടായ ദുരന്തത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പങ്കുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. സിനിമ പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുകളിലെ വാതിലുകളുടെ കുറ്റിയിടാൻ പാടില്ലെന്ന ഉത്തരവ് ഉപഹാർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ മാതാപിതാക്കളാണ് അന്‍സാല്‍ സഹോദരങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചത്.
Post Your Comments