ചെന്നൈ : ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി തമിഴിന് പുറമേ തെലുങ്കിലുമടക്കം സജീവമായി അഭിനയിച്ച് തെന്നിന്ത്യയിലെ മുന്‍നിര നായികയിലേക്ക് അതിവേഗം ഉയര്‍ന്ന നടിയാണ് ശ്രുതി ഹാസന്‍. ഇതിനിടെ ശ്രുതിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ. എല്ലാവരോടും തന്റെ വിവാഹക്കാര്യം പറയേണ്ട ആവശ്യമുണ്ടോ, അത് തന്റെ പങ്കാളി മാത്രം അറിഞ്ഞാല്‍ പോരെ എന്നാണു നടി ചോദിക്കുന്നത്.
ശ്രുതിയുടെ വാക്കുകൾ :
‘മുപ്പത് വയസിന് ശേഷമാണ് എന്റെ ജീവിതം ആരംഭിച്ചതെന്ന് എല്ലായിപ്പോഴും ഞാന്‍ പറയാറുണ്ട്. എന്റെ തലയില്‍ എന്തെങ്കിലും കാര്യങ്ങള്‍ തലയില്‍ കയറി കഴിഞ്ഞാല്‍ പിന്നെ അത് ഇറങ്ങി പോവാന്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ സമയം എനിക്ക് വേണ്ടി വരും. എന്റെ ടൈംലൈന്‍ വ്യത്യസ്തമാണ്. സാങ്കല്‍പ്പിക മത്സരങ്ങളില്‍ മറ്റുള്ളവരെക്കാള്‍ ഞാന്‍ താഴെയോ അപര്യാപ്തയോ അല്ല. അതിനാല്‍ എന്നെ ഞാന്‍ മനസിലാക്കി തുടങ്ങിയതും എന്നോട് തന്നെ സംസാരിച്ച് ഒരു യഥാര്‍ഥ ബന്ധം തുടങ്ങിയതും മുപ്പത് വയസ് ഉള്ളപ്പോള്‍ മുതലാണ്. എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു. കാരണം ഞാന്‍ അതിന്റെ ഓരോ സെക്കന്‍ഡും ആസ്വദിച്ചിരുന്നു.
നൂറ്റാണ്ടുകളായി എല്ലാ സമൂഹങ്ങളിലും സ്ത്രീകള്‍ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് വിധിക്കപ്പെട്ട് കൊണ്ടേ ഇരിക്കുകയാണ്. 2021 വരെ എത്തിയിട്ടും ഞാന്‍ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണവും അതിനുള്ള ഉത്തരം ന്യായീകരിക്കേണ്ടി വരുന്നതും വളരെ വിചിത്രമായി തോന്നുന്നു.
വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാന്‍ ഞാന്‍ ഡേറ്റിങ് നടത്തുന്ന വ്യക്തിയ്ക്ക് മാത്രമേ അര്‍ഹതയുള്ളു. ഇക്കാര്യങ്ങളൊക്കെ ഞാന്‍ മറ്റുള്ളവരോട് കൂടി പറയേണ്ടതിന്റെ ആവശ്യകത എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. സമൂഹം അങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ എനിക്കൊരിക്കലും മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചോ നിലവാരത്തിന് അനുസരിച്ചോ ജീവിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആഗ്രഹിക്കുന്ന പോലൊരു സ്ത്രീ അത് ഞാന്‍ തന്നെ ആണെന്നതില്‍ ഒത്തിരി അഭിമാനിക്കുന്നുണ്ട്. എല്ലാം തികഞ്ഞൊരു സ്ത്രീ എന്ന ആളുകളുടെ നിര്‍വചനത്തിന് ഞാന്‍ യോജിച്ചെന്ന് വരില്ല. പക്ഷേ എനിക്ക് എല്ലാം തികഞ്ഞൊരു സ്ത്രീ തന്നെയാണ് ഞാന്‍’- ശ്രുതി പറഞ്ഞു.
Post Your Comments