ചെന്നൈ : മലയാള സിനിമാലോകം കാത്തിരുന്ന ബിഗ്ബജറ്റ് സിനിമയായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആദ്യമായി കണ്ട് നായകനായ മോഹൻലാലും കുടുംബവും. നടി ലിസിയുടെ ഉമടസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയിൽ വച്ചായിരുന്നു സ്ക്രീനിങ്. എഡിറ്റിങ് പൂർത്തിയാക്കിയ ചിത്രം മോഹൻലാൽ കാണുന്നതും ആദ്യമായിരുന്നു. നിർമ്മാണ പങ്കാളികൾക്കും ചലച്ചിത്ര മേഖലയിലെ മറ്റു ആളുകൾക്കുമായി ചെന്നൈയിൽ വച്ച് നടത്തിയ പ്രത്യേക പ്രിവ്യൂ ഷോയുടെ റിപ്പോർട്ടുകൾ പുലത്ത് വന്നപ്പോൾ ചിത്രം അതിഗംഭീരമാണെന്നാണ് സൂചന.
മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സമീർ ഹംസ, വിനീത് ശ്രീനിവാസൻ തുടങ്ങി ഇരുപതോളം പേർ മാത്രമാണ് സ്ക്രീനിങ്ങിൽ പങ്കെടുത്തത്. ‘വളച്ചുകെട്ടില്ലാത്തെ കാര്യങ്ങൾ പറയുന്ന ആളാണ് ഞാൻ. പ്രേക്ഷകർ കാത്തിരിക്കുന്ന ‘മരക്കാർ’ ഉത്സവം തന്നെയാകും. സിനിമയിലെ എല്ലാ വിഭാഗങ്ങളും ഹോളിവുഡ് ലെവലിൽ ഒരുക്കിയിരിക്കുന്നു. ലാലേട്ടൻ, മറ്റ് അഭിനേതാക്കൾ, ആന്റണി തുടങ്ങി ചിത്രത്തില് പ്രവർത്തിച്ച എല്ലാവർക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. സിനിമയുടെ സഹനിർമാതാവെന്ന നിലയിൽ എന്റെ പ്രതീക്ഷകൾക്കൊപ്പം ചിത്രം ഉയർന്നു’- ചിത്രത്തിന്റെ സഹനിർമാതാക്കളിൽ ഒരാളായ സി.ജെ റോയ് സിനിമ കണ്ടതിനു ശേഷം പറഞ്ഞു.
സിദ്ധാർഥ് പ്രിയദർശന്റെ വിഎഫ്എക്സ് തന്നെയാണ് സിനിമയുടെ നെടുംതൂൺ എന്നും, ബാഹുബലിയിലെ യുദ്ധരംഗങ്ങളേക്കാൾ മികച്ചു നില്ക്കുന്നതാണ് ‘മരക്കാറി’ലെ പല രംഗങ്ങളുമെന്നുമാണ് അഭിപ്രായം . ക്ലൈമാക്സിലെ 30 മിനിറ്റ് നീണ്ടു നിൽക്കുന്ന കടൽയുദ്ധവും കാഴ്ചക്കാരെ വിസ്മയിപ്പിക്കുമെന്നാണ് സൂചന.
ആദ്യ നാൽപത്തിയഞ്ച് മിനിറ്റ് പ്രണവാണ് മരക്കാറായി നിറഞ്ഞാടുന്നതെങ്കിൽ പിന്നീട് കുഞ്ഞാലിയായി സാക്ഷാൽ മോഹൻലാൽ തന്നെയാണ് എത്തുന്നത്. ദേശസ്നേഹം വെളിവാക്കുന്ന പല വൈകാരിക രംഗങ്ങളും മോഹൻലാൽ ഗംഭീരമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments