കൊച്ചി : ഓസ്കര് അവാര്‍ഡിന്റെ നോമിനേഷൻ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടാനുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഒരു മലയാള ഹ്രസ്വചിത്രം. വിശ്വവിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങള്‍ പ്രമേയമാക്കി കൊറിയോഗ്രാഫർ കൂടിയായ സഹീർ അബ്ബാസ് സംവിധാനം ചെയ്ത ‘ഡെത്ത് ഓഫേഴ്സ് ലൈഫ്’ (DEATH OFFERS LIFE – Last Moments of Vincent Van Gogh) ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 28 രാജ്യങ്ങളില്‍ നിന്നായി 450ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ മലയാള ഹ്രസ്വചിത്രമാണ് ഇത്.
ഓസ്കർ നോമിനേഷനുള്ള ഹ്രസ്വചിത്രങ്ങൾ കണ്ടെത്താനുള്ള വോട്ടിങ് ഡിസംബർ പത്തിനാണ് ആരംഭിക്കുന്നത്. ഡിസംബർ 15 വരെയാണ് വോട്ടിങ്. ഓസ്കർ അക്കാദമി അംഗങ്ങളുടെ വോട്ടിങ് പ്രക്രിയക്കായി ചിത്രം അക്കാദമി സ്ക്രീനിങ് റൂമിൽ പ്രദർശിപ്പിക്കും. ഡിസംബർ 21ന് ഓസ്കർ നോമിനേഷൻ ലഭിക്കുന്ന 15 ഹ്രസ്വചിത്രങ്ങൾ പ്രഖ്യാപിക്കും. ഈ പട്ടികയിൽ ‘ഡെത്ത് ഓഫേഴ്സ് ലൈഫ്’ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
കൊച്ചി കാക്കനാടുള്ള ഒരു വീട്ടില്‍ 1800കളിലെ യൂറോപ്പിലെ ഒരു ചെറിയ മുറി സെറ്റ് ഇട്ട് വെറും മെഴുകുതിരികളുടെ വെളിച്ചം മാത്രം ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ചലച്ചിത്ര ഛായാഗ്രാഹകനും സംസ്ഥാന പുരസ്കാര ജേതാവുമായ നൗഷാദ് ഷെരിഫ് ആണ് വാൻഗോഗും മരണവും തമ്മിലുള്ള സംഭാഷണം കാമറയിൽ ഒപ്പിയെടുത്തത്. വാന്‍ഗോഗ് ആയി റാഷി ഖാന് വേഷമിട്ടപ്പോള്‍ അനുരൂപ് തേക്കുംകാടന്‍ ആണ് മരണമായെത്തിയത്. മധു എൻ.ആർ ആണ് തിരക്കഥ. അനുമോൾ, രാഹുൽ മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ആദ്യ സിനിമ ‘വൈൻ’ റിലീസിന് കാത്തുനിൽക്കുന്നതിനിടെയാണ് ഓസ്കർ നോമിനേഷൻ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കാനുള്ള ചിത്രങ്ങളുടെ പട്ടികയിൽ ‘ഡെത്ത് ഓഫേഴ്സ് ലൈഫ്’ ഇടംപിടിച്ചെന്ന വാർത്ത ഇരട്ടി മധുരമായി സഹീർ അബ്ബാസിനെ തേടിയെത്തുന്നത്.
വിന്‍സെന്റ് വാന്‍ഗോഗിന്റെ മരണത്തിന് മുന്‍പുള്ള കുറച്ചു നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മരിക്കുന്നതിന് മുന്‍പ് വിന്‍സെന്റ് മരണവുമായി സംവദിക്കുന്നു. ജീവിതത്തില്‍ ഒരു കലാകാരനായി ജനിച്ചതിനാല്‍ പരാജയം മാത്രം അറിഞ്ഞ വിന്‍സന്റിന് ഒരവസരകൂടി നല്‍കാം എന്ന് അറിയിക്കുന്ന മരണം. എന്നാല്‍ കലാകാരനായി ഒരു ജീവിതം ഇനി തനിക്ക് വേണ്ടാ, അത് പേടിപ്പെടുത്തുന്നതാണെന്ന് മറുപടി പറയുന്ന വിന്‍സെന്റ്.
Post Your Comments