GeneralLatest NewsNEWS

അത്യന്തം സസ്പെൻസ് നിറഞ്ഞ പൊലീസ് സ്റ്റോറിയുമായി സാഗർ ഒരുക്കുന്ന ‘വീകം’

അത്യന്തം സസ്പെൻസ് നിറഞ്ഞ ഒരു മർഡർ മിസ്റ്ററിയുമായിട്ടാണ് സാഗർ എത്തുന്നത്. ചിത്രം – ‘വീകം’. കുമ്പാരിസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്കു ശേഷം സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് നിർമ്മിക്കുന്നത്.

പ്രധാനമായും മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പശ്ചിമ കൊച്ചിയിലെ പെരുമ്പടപ്പ് ഫാത്തിമാ ഹോസ്‌പിറ്റൽ ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനാണ്. മെഡിക്കൽ ക്യാമ്പസ് ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. കൂട്ടത്തിൽ സംഘട്ടന രംഗങ്ങളും ഉണ്ട്.

ധ്യാൻ ശ്രീനിവാസൻ, യുവം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഡയാനാ ഹമീദ്, യുവനിരയിലെ ശ്രദ്ധേയനായ ഡെയിൻ ഡേവിഡ് എന്നിവരും നിരവധി പുതുമുഖങ്ങളും അഭിനയ രംഗത്തുണ്ട്. പതുമുഖങ്ങളിൽ പലരും മെഡിക്കൽ സ്റ്റുഡൻ്റ്സും, ജൂനിയർ ഡോക്ടേഴ്സുമായിട്ടാണ് അഭിനയിക്കുന്നത്. ധ്യാൻ, ഡെയ്ൻ, ഡയാനാ ഹമീദ് എന്നിവരും ജൂനിയർ ഡോക്ടേർസായി വേഷമിടുന്നു. ഇത്തരമൊരു കഥാപാത്രത്തിനനുയോജ്യമായ അഭിനേതാക്കളെത്തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സാഗർ പറഞ്ഞു. കിരൺ, തോമാ, കീർത്തി എന്നിങ്ങനെയാണ് ധ്യാൻ, ഡെയിൻ, ഡയാനാ ഹമീദ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേരുകൾ.

സെറ്റിൽ ഷീലു ഏബ്രഹാമും പൊലീസ് വേഷത്തിൽ ഏതാനും പേരുമുണ്ട്. രഞ്ജിനി ഐ.പി.എസ്. എന്ന പൊലീസ് ഉദ്യോഗസ്ഥയേയാണ് ഷീലു ഏബ്രഹാം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കഥാപാത്രമാണ് ഷീലുവിൻ്റെ രഞ്ജിനി ഐ.പി.എസ്. നഗരത്തിലെ ഒരു ഫ്‌ളാറ്റിൽ ഒരേ സമയത്ത് രണ്ടു മരണങ്ങൾ അരങ്ങേറുന്നു. യാദൃശ്ചികമായി ജൂനിയർ ഡോക്ടേർസായ കിരണിനും, തോമാക്കും കീർത്തിക്കുമാണ് പോസ്റ്റുമോർട്ടം ചെയ്യേണ്ടതായി വന്നത്. ഇതിലൂടെ അരങ്ങേറുന്ന സംഭവ വികാസങ്ങൾ, മരണത്തിൻ്റെ പിന്നിലെ ദുരൂഹതകൾ, ശത്രു വിൻ്റെ പിന്തുടരൽ, ഇങ്ങനെ ചിത്രത്തെ ഏറെ ഉദ്വേഗജനകമാക്കുന്നു.

ഒരു പൊലീസ് സ്റ്റോറിയും സാധാരണ സിനിമയും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് സംവിധായകൻ സാഗറിനോട് ചോദിച്ചപ്പോൾ ‘ഒരു പൊലീസ് സ്റ്റോറി ഒരുക്കുകയെന്നത് സോഷ്യൽ സിനിമ ഒരുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായ കാര്യമാണ്. സസ്പെൻസും പിരിമുറുക്കവും ഒട്ടും ചോർന്നു പോകാൻ പാടില്ല. ചിത്രം തീരുന്നതുവരേയും ത്രില്ലിംഗ് മൂഡിൽത്തന്നെ നിൽക്കണം. ഇതാണ് ആ ചിത്രത്തെ വിജയത്തിലേക്കു നയിക്കുന്നതും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദിനേശ് പ്രഭാകറാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശിൻ്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഇതിലെ സണ്ണി എന്ന കഥാപാത്രം. അജു വർഗീസ്, ജഗദീഷ്, ജി.സുരേഷ് കുമാർ, മുത്തുമണി, ബേബി ശ്രയാ, സുന്ദരപാണ്ഡ്യൻ, ഡോ.സുനീർ, സൂര്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

പശ്ചാത്തല സംഗീതം. വില്യം ഫ്രാൻസിസ്, ഛായാഗ്രാഹകൻ – ധനേഷ് രവീന്ദ്രൻ, എഡിറ്റിംഗ് – ഹരീഷ്, കലാസംവിധാനം – പ്രദീപ്. എം.വി, മേക്കപ്പ്- അമൽ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സംഗീത് ജോയ്, ബഷീർ ഹുസൈൻ, മുകേഷ് മുരളി, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ മാനേജർ – സുനിഷ് വൈക്കം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ബിജു അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിത്ത് പിരപ്പൻകോട്.

വാഴൂർ ജോസ്
ഫോട്ടോ – സന്തോഷ് പട്ടാമ്പി .

shortlink

Related Articles

Post Your Comments


Back to top button