GeneralLatest NewsNEWS

‘അര്‍ബുദത്തെ അതിജീവിക്കുക എന്നത് സ്വയം കണ്ടെത്തലും ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കലും കൂടിയാണ് ‘: മനീഷ കൊയ്‌രാള

മുംബൈ : ദേശീയ അർബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അർബുദത്തോടു പൊരുതുന്ന നടി മനീഷ് കൊയ്‌രാള. ഈ കാൻസർ ബോധവത്കരണ ദിനത്തിൽ, അർബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നുവെന്നു മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം കണ്ടെത്തലും ജീവിതത്തെ വീണ്ടും സ്നേഹിക്കാന്‍ പഠിക്കലും കൂടിയായിരുന്നു എന്നാണ് മനീഷ പറയുന്നത്.

മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് :

‘ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ അതിനേക്കാൾ കരുത്തരാണ് നിങ്ങൾ. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവർക്കൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. പ്രതീക്ഷകൾ നിറച്ച കഥകൾ വീണ്ടും പറഞ്ഞ് കാന്‍സറിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തണം. പ്രതീക്ഷകൾ നിറഞ്ഞ കഥകൾ വീണ്ടും വീണ്ടും പറയാം. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു’- താരം കുറിച്ചു.

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സർ സ്ഥിരീകരിക്കുന്നത്. പലപ്പോഴും തന്റെ അര്‍ബുദകാല അനുഭവങ്ങളെ കുറിച്ച് താരം തുറന്നുപറഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്ന് എനിക്കുതന്നെ മനസ്സിലായത് എന്റെ രോഗകാലത്താണ്. ജീവിതത്തിലെ ലക്ഷ്യം എന്താണെന്നും ഞാന്‍ ആരാകേണ്ടതായിരുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തിയതും ഈ രോഗമാണെന്ന് മനീഷ പറഞ്ഞിട്ടുണ്ട്.

മൂന്നു വർഷം രോഗവുമായി പോരാടിയെങ്കിലും രോഗം തിരിച്ചറിഞ്ഞ ആദ്യ നാളുകളിൽ കടുത്ത നിരാശയിലായിരുന്നു. എന്നാൽ രോഗവുമായി പൊരുത്തപ്പെട്ടതോടെ അവര്‍ ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളിലേക്കും അഗാധമായ ചിന്തകളിലേക്കും മുഴുകി. അതോടെ,. രോഗം ശാപമല്ല, അനുഗ്രഹമാണെന്ന തിരിച്ചറിവില്‍ എത്തുകയും ചെയ്തു.

രോഗം പൂര്‍ണ്ണമായും മാറിയ താരം, ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments


Back to top button