തൃശ്ശൂർ : പ്രശസ്ത ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി. നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനാണ് അജയ് ഡേവിഡ്. അജയും ആലീസ് ജോയ് ദമ്പതികളുടെ മകള്‍ റെനിറ്റയുമായുള്ള വിവാഹം തൃശ്ശൂർ ഫൊറോനാ പള്ളിയില്‍ വെച്ചായിരുന്നു നടന്നത് . സിനിമ മേഖലയിൽ നിന്നും മറ്റും നിരവധി താരങ്ങളും പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
അടി കപ്യാരെ കൂട്ടമണി, മരുഭൂമിയിലെ ആന, വികടകുമാരൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകനാണ് അജയ് ഡേവിഡ് കാച്ചപ്പിള്ളി. സംവിധായകൻ ജോഷിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്ന സുരേഷ് ഗോപി സിനിമയുടേയും ഛായാഗ്രഹണം അജയ് ആണ് നിർവ്വഹിക്കുന്നത്. 2009-മുതൽ സിനിമാ മേഖലയിലുള്ളയാളാണ് അജയ്.
സംവിധായകനും ഛായാഗ്രഹകനുമായ വേണുവാണ് ഗുരു. ‘മാടമ്പി’ മുതൽ ‘മുന്നറിയിപ്പ്’ വരെ ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അദ്ദേഹത്തൊടൊപ്പം അസിസ്റ്റന്റും അസോസിയേറ്റുമായി 15 സിനിമയോളം അജയ് ചെയ്തിട്ടുണ്ട്.
എം പി യും മലയാള സിനിമ നടനുമായ സുരേഷ് ഗോപി, പ്രശസ്ത സംവിധായകന് ജോഷി, മകന് അഭിലാഷ് ജോഷി, ജി.സുരേഷ് കുമാര്‍, എം.രഞ്ജിത്ത്, ലിബര്‍ട്ടി ബഷീര്‍, രമേഷ് കുമാര്‍ തുടങ്ങി സിനിമാലോകത്ത് നിന്നും നിരവധിപേര്‍ വധൂവരന്മാരെ ആശംസിക്കാൻ ചടങ്ങിനെത്തി.
കല്ലിയൂർ ശശി, ആൽവിൻ ആൻ്റെണി, അരുൺ ഘോഷ്, ടിനി ടോം, നന്ദു, നമിതാ പ്രമോദ്, നീതാ പിള്ള ജുവൽ മേരി, നിർമ്മാതാവ് റെജിമോൻ, സാന്ദ്രാ തോമസ് എന്നിവരും ചടങ്ങിൽ ശ്രദ്ധാകേന്ദ്രങ്ങളായി.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധിപേരാണ് ആശംസകൾ അറിയിക്കുന്നത്.
Post Your Comments