കോട്ടയം: കൊച്ചിയിലെ വിവാദമായ വഴിതടയല്‍ സമരത്തിന്റെ തുടര്‍ച്ചയായി കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള മാർച്ചിനിടയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് ഷൂട്ടിങ് തടയാൻ വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറ്റൊരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് മാര്‍ച്ച് നടത്തിയത്. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനായി എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ജോജു ജോര്‍ജ് ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
റോഡ് തടസ്സപ്പെടുത്തുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയും എന്നുള്ള യൂത്ത് കോണ്‍ഗ്രസ് നിലപാടിന്റെ ഭാഗമായായിരുന്നു മാര്‍ച്ച്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കുറച്ച് ദിവസങ്ങളായി സിനിമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം എന്ന നിലയില്‍ പ്രദേശത്ത് ഉണ്ടായിരുന്നു. അതിനാൽ തന്നെ പൊന്‍കുന്നത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് ഉന്തുംതള്ളിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Post Your Comments