തൃശൂര്‍: ഇത്തവണ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടിയാണ് ശ്രീരേഖ രാജഗോപാൽ. ശ്രീരേഖയുടെ ആദ്യചിത്രമായ ‘വെയില്‍’ എന്ന ചിത്രത്തിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാര്‍ഡിനര്‍ഹയാക്കിയത്. കൊച്ചിയില്‍ വനിത – ശിശുക്ഷേമ വകുപ്പില്‍ സൈക്കോളജിസ്റ്റായ ശ്രീരേഖയുടെ ടിക് ടോക്കിലൂടെയൊക്കെയുള്ള അഭിനയം കണ്ടാണ് സംവിധായകന്‍ ശരത് സിനിമയിലേക്ക് ക്ഷണിച്ചത്.
ഇപ്പോളിതാ ശ്രീരേഖയുടെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനമറിയിച്ച് സുരേഷ്ഗോപി എം.പി. ശ്രീരേഖയുടെ തൃശൂരിലുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. പൊന്നാട അണിയിച്ചു കൊണ്ടാണ് എംപി തന്റെ സന്തോഷം ശ്രീരേഖയുമായി പങ്കുവെച്ചത്. എന്നാല്‍ പൊന്നാട അണിയിക്കാന്‍ മലയാളത്തിലെ മികച്ച നടന്‍ തന്നെ തന്റെ വീട്ടിലെത്തിയത് വിശ്വസിക്കാനാവാതെ കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവ് ഏറ്റുവാങ്ങിയത്.
ആലപ്പുഴ, തണ്ണീര്‍മുക്കം സ്വദേശിയായ ശ്രീരേഖ കോനൂര്‍ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിര്‍മ്മാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ്. വെയിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ സന്ദീപുമായുള്ള വിവാഹം സിനിമ പൂര്‍ത്തീകരിച്ച ശേഷം 2020 മാര്‍ച്ച് 20ന് ആയിരുന്നു . മോര്‍ഗ്, ഗലീലിയോ എന്നീ ചിത്രങ്ങളില്‍ സന്ദീപിന്റെ നിർമ്മാണ പങ്കാളിയാണ് ശ്രീരേഖ.
Post Your Comments