GeneralLatest NewsNEWS

‌’ഉടമകള്‍ ഉള്‍കാഴ്ചയോടെ നീങ്ങിയിരുന്നെങ്കിൽ തിയറ്ററുകളെ സജീവമാക്കാനുള്ള ലോഞ്ചായിരുന്നു മരക്കാര്‍’: സഹനിർമ്മാതാവ്

കൊച്ചി : കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കുറച്ചു കൂടി ഉള്‍കാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കില്‍ വിപ്‌ളവമാകുമായിരുന്നുവെന്നും, തിയറ്ററുകളെ സമ്പൂര്‍ണമായി സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ‘മരക്കാര്‍’ എന്നും സഹനിർമ്മാതാവ് സന്തോഷ് ടി. കുരുവിള. കോവിഡ് ഭീഷണി കുറഞ്ഞുവെങ്കിലും വിപണിയിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ‘മരക്കാർ’, ഒടിടി റിലീസ് ചെയ്യാൻ നിർബന്ധിതരായതെന്ന് അദ്ദേഹം വ്യക്തമാക്കി.

സന്തോഷ് ടി കുരുവിളയുടെ വാക്കുകൾ:

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലൂടെ മോഹൻലാൽ മലയാളത്തിൽ നിന്ന് ലോകത്തിന്റെ തന്നെ ഉത്തുംഗത്തിലേക്ക് എത്തുകയാണ്. മഹാമാരിയുടെ താണ്ഡവത്തിൽ ഇനിയും സാധാരണത്വം അതിന്റെ പൂർണാർഥത്തിൽ തിരിച്ചു പിടിക്കാൻ കഴിയാത്ത മനുഷ്യ ജീവിതങ്ങൾക്ക് വിനോദ വ്യവസായത്തിന്റെ പുത്തൻ ഉപാധികളെ ആശ്രയിക്കുക എന്നത് മാത്രമാണ് കരണീയമായിട്ടുള്ളത്.

അതെ, ‘മരക്കാർ’ ഒടിടി എന്ന ആധുനിക തട്ടകം പ്രയോജനപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. തിയറ്റർ റിലീസ് എന്നത് മാത്രമായിരുന്നു 2018 മുതൽ ഈ ചിത്രത്തിനായ് നിക്ഷേപം നടത്തി തുടങ്ങുമ്പോൾ ഞാനടക്കമുള്ള നിർമ്മാതാക്കളുടെ ലക്ഷ്യം. വേറൊരു പദ്ധതിയും മനസാവാചാ കർമ്മണ ചിന്തയിലുണ്ടായിരുന്നില്ല.

മോഹൻലാൽ എന്ന മഹാ നടനിലൂടെ ഒരു ലോകോത്തര ചിത്രം എന്നതായിരുന്നു ശ്രീ ആന്റണി പെരുമ്പാവൂർ എന്ന മലയാളത്തിലെ എക്കാലത്തേയും മികച്ച നിർമ്മാതാവിന്റെ സ്വപ്ന പദ്ധതി. ആശീർവാദ് സിനിമാസിനൊപ്പം കോ പ്രൊഡ്യൂസേഴ്സായ മാക്സ്‌ലാബ്, ശ്രീ സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്ന ഞാനടക്കം വിപണിയിലെ അതിസാഹസികത അറിഞ്ഞു കൊണ്ടു തന്നെയാണ് ഈ മോഹസാക്ഷാത്കാരത്തിന്റെ ഭാഗമായത്.

ഈ പ്രൊജക്ടിനോടൊപ്പം ചേർന്ന പ്രിയദർശൻ എന്ന ഇന്ത്യ കണ്ട മികച്ച സംവിധായകനടക്കമുള്ളവർ, മറ്റു ഭാഷകളിൽ നിന്നും മലയാളത്തിൽ നിന്നുമുള്ള നടീ – നടൻമാർ എന്നിങ്ങനെ സകലരും പ്രതിഫലത്തിനപ്പുറം സ്വയ പ്രയത്നം കൂടി ഈ സിനിമയ്ക്കായ് സമർപ്പിച്ചവരാണ്. ലോക സിനിമാ വിപണിയിലും ഇന്ത്യൻ സിനിമാ ബിസിനസിലും പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് പരിമിതികളുണ്ട്. നിക്ഷേപിക്കാവുന്ന തുകയ്ക്ക് തന്നെ വരമ്പുകളുണ്ട്.

ഒരുപക്ഷേ കേരളത്തിലെ തിയറ്റർ ഉടമകൾ കുറച്ചു കൂടി ഉൾകാഴ്ചയോടെ ഒരു നീക്കം നടത്തിയിരുന്നുവെങ്കിൽ അത് ഒരു വിപ്ളവമാകുമായിരുന്നു , തിയറ്ററുകളെ സമ്പൂർണ്ണമായ് സജീവമാക്കാനുള്ള ഒന്നാന്തരം ലോഞ്ചായിരുന്നു ഈ ബ്രഹ്മാണ്ഡ ചിത്രം. ഇനി ഈ വിഷയത്തിൽ ചർച്ചകൾക്ക് ഭാവിയില്ല എന്നതാണ് യാഥാർഥ്യം.

മോഹൻലാൽ എന്ന വിസ്മയം ഇവിടെ തന്നെയുണ്ട്. ഇനിയും ലോകോത്തര സിനിമകൾ അദ്ദേഹവുമായി ചേർന്നൊരുക്കുകയെന്നത് സാധ്യവുമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. തട്ടകങ്ങൾ മാറിമാറി വന്നാലും അരങ്ങ് നിറയ്ക്കാനുള്ള വിഭവങ്ങൾ ഇവിടെയുണ്ടാകും. മലയാള സിനിമയുടെ വിസ്തൃതിയും സ്വീകാര്യതയും കൂടുതൽ വർധിപ്പിക്കാൻ എല്ലാ സിനിമാ പ്രേമികളും ഇനിയും ഒപ്പമുണ്ടാവണം’.

shortlink

Related Articles

Post Your Comments


Back to top button