ചെന്നൈ : നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പെട്ട 282 പേര്‍ക്ക് കഴിഞ്ഞ ദിവസം പട്ടയവും ജാതി സർട്ടിഫിക്കറ്റും വിതരണം ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അഭിനന്ദിച്ച് നടന്‍ സൂര്യയും ഭാര്യ ജ്യോതികയും. മുഖ്യമന്ത്രി നല്‍കിയത് വെറും പട്ടയമല്ല, വലിയ പ്രതീക്ഷയാണെന്നും ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കാലാകാലങ്ങളായി തുടരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു. ആളുകളുടെ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് സ്റ്റാലിന്‍ തെളിയിച്ചെന്ന് ജ്യോതിക പ്രതികരിച്ചു.
‘എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണിത്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ വേഗത്തിലെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു. വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച ഗുണകരമായ മാറ്റങ്ങള്‍ 16 വര്‍ഷത്തിനിടയ്ക്ക് അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. ഇരുളര്‍ക്കും കുറവര്‍ക്കും ജാതി സർട്ടിഫിക്കറ്റും പട്ടയവും നല്‍കിയതും മറ്റു ഇളവുകള്‍ അനുവദിച്ചതും വലിയ പ്രതീക്ഷയാണ്. വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിന്റെ വിശ്വാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി’- ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ജ്യോതിക പ്രതികരിച്ചു.
ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസമാണ് സർക്കാർ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പ്രദേശത്ത് അങ്കണവാടിയും, സ്‌കൂളുകളും അടക്കം മുനിസിപ്പൽ പബ്ലിക് ഫന്‍ഡ് സ്‌കീമില്‍ 10 കോടിയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. പട്ടയങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍, ജാതി സർട്ടിഫിക്കറ്റുകൾ, റേഷന്‍ കാര്‍ഡുകള്‍, ഭവനനിര്‍മാണത്തിനുള്ള ബോന്‍ഡുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും വിതരണം ചെയ്തു.
Post Your Comments