കൊച്ചി : ഗാന്ധിജി ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിയ കാലമല്ല ഇതെന്നും, രാഷ്ട്രീയ പാര്‍ട്ടികളുടെ സമരമുറകള്‍ കാലഹരണപ്പെട്ടത് എന്നും നടന്‍ ജോയ് മാത്യു. അണികള്‍ അധ്വാനിച്ചു വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച എംപിമാരുടെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
‘കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി വഴിതടയല്‍ സമരം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടി. അതില്‍ ജോജു ജോര്‍ജിന്റെ ഇടപെടല്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാനും എന്റേതായ നിലപാട് വിഷയത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇത്തരം പഴഞ്ചന്‍ സമരരീതികള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. ജനാധിപത്യ വിരുദ്ധമാണ് ഇത്. മനുഷ്യര്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ അന്നം തേടിയുള്ള പരക്കം പാച്ചിലിന് വിഘാതമായി നില്‍ക്കുന്ന, രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ ആവാതെ രോഗത്തിലേക്ക് കീഴടങ്ങേണ്ടി വരുന്ന, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തടസം ഉണ്ടാക്കുന്ന ഇത്തരം ബന്ദുകള്‍, സമരങ്ങള്‍ ഒക്കെ തന്നെ നമ്മള്‍ അവസാനിപ്പിക്കേണ്ട സമയം ആയി കഴിഞ്ഞു. ആ പ്രാകൃത യുഗത്തില്‍ നിന്നും നമ്മള്‍ മാറിയിരിക്കുന്നു. അത് മനസ്സിലാക്കാതെ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്താന്‍ പോയതുvപോലെ ഇന്നും നമ്മള്‍ ആഘോഷമായി ബഹുജന റാലി നടത്തുന്നു.
എന്ത് കാര്യത്തിന്? അതില്‍ കാര്യമില്ല. അത് കാലഹരണപ്പെട്ടു. ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തുന്നതിന്റെ ഭോഷ്‌ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പാര്‍ട്ടി അണികളെ അണികള്‍ എന്നല്ല വിളിക്കേണ്ടത് അടിമകള്‍ എന്നാണ്. ഇത് എല്ലാ പാര്‍ട്ടികളിലും ഉണ്ട്.
നമുക്ക് രാജ്യസഭ, ലോകസഭ പ്രതിനിധികള്‍ ഉണ്ട്. അതുകൂടാതെ സംസ്ഥാന സര്‍ക്കാരുമുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്ത, നിങ്ങള്‍ നേതാവ് എന്ന് കണ്ടെത്തി ജനങ്ങളോട് വോട്ട് ചോദിച്ച്, നിങ്ങള്‍ അണികള്‍ അധ്വാനിച്ചു വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച എംപിമാരുടെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്. ജനപ്രതിനിധികളെ ഡല്‍ഹിയിലേക്ക് പറഞ്ഞുവിട്ടത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല. നികുതി പണം എടുത്ത് പുട്ടടിക്കാനല്ല. അതിനല്ല അവര്‍ പോകേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ യോഗ്യത ഇല്ലെങ്കില്‍ അവരെ തിരിച്ചു വിളിക്കാനും അണികള്‍ക്ക് സാധിക്കണം. അത്തരം അണികള്‍ ഉള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ യോഗ്യതയുള്ളു’.
Post Your Comments