തിരുവനന്തപുരം: ചെറിയ കാര്യങ്ങൾക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ‘ഇഎംഐ’ എന്ന ചിത്രം. ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരത്തുമായി ആരംഭിച്ചു.
ഏറെ നാളുകൾക്ക് ശേഷം പ്രശസ്ത ഗായകൻ വിജയ് യേശുദാസ് ഈ ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്. ആദിവാസി നഞ്ചിയമ്മയും ആദ്യമായി ഒരു മലയാള ഗാനം ആലപിച്ചു എന്നത് ഒരു പ്രത്യേകതയാണ്. സംവിധായകൻ ജോബി ജോൺ, അകാലത്തിൽ മരണമടഞ്ഞ അനുജൻ ജോജിയുടെ ഓർമ്മ നിലനിർത്താനാണ്, ജോജി ഫിലിംസ് ആരംഭിച്ചത്. അതുപോലെ വർഷങ്ങളായി ജോബി ജോണിൻ്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിനു വേണ്ടി അവതരിപ്പിക്കുന്നത്. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ജയൻ ചേർത്തല, തോമസ് എന്ന കർഷകൻ്റെ വ്യത്യസ്ത വേഷത്തിലൂടെ ഈ ചിത്രത്തിൽ എത്തുകയാണ്. ഉടുമ്പ്, ആറാട്ട്, ഭൂമിയിലെ മനോഹര സ്വകാര്യം, എൻ്റെ മഴ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ യാമിസോണയാണ് ഈ ചിത്രത്തിലെ നായിക.
ഒരു മൊബൈൽ ഫോൺ എടുക്കാൻ പോലും ബാങ്ക് ലോൺ എടുക്കുന്ന സ്വഭാവക്കാരാണ് മലയാളികൾ. ഈ ബലഹീനത മുതലെടുക്കാനായി സ്വകാര്യ ബാങ്കുകൾ മൽസരിയ്ക്കുന്നു. അവർ ലാഭം കൊയ്യുമ്പോൾ, മാസാമാസമുള്ള ഇഎംഐ അടക്കാൻ ബുദ്ധിമുട്ടുന്ന മലയാളികൾ, അവസാനം ജീവിതം അവസാനിപ്പിക്കാൻ തയ്യാറാവുന്നു. ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് ഇഎംഐ എന്ന ചിത്രം.
നല്ല നിലയിൽ കുടുംബ ജീവിതം നയിച്ചവനാണ് സിജോ മാത്യു (ഷായി ശങ്കർ ) പിതാവ് വർഗീസ് (സുനിൽ സുഗത) ധൂർത്തനും, മദ്യപാനിയും ആയിരുന്നു. എങ്കിലും സിജോ കുടുംബം നല്ല നിലയിൽ നടത്തി പോന്നു. പെട്ടന്നാണ് അവന് ചില സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത്. അതിൽ നിന്ന് മോചനം നേടാൻ അവൻ സ്വകാര്യ ബാങ്കുകളെ സമീപിച്ചു. അതോടെ സിജോയുടെ ജീവിതത്തിൻ്റെ താളം തെറ്റി. അതു പോലെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന തോമസ് (ജയൻ ചേർത്തല) എന്ന സാധാരണക്കാരനായ കർഷകനും സ്വകാര്യ ബാങ്കിൽ നിന്ന് ലോൺ എടുത്ത്, ഇഎംഐ അടക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തുന്നു.
മലയാളികളുടെ ആർഭാട ജീവിതത്തിലുള്ള ഭ്രമവും, അതുകൊണ്ട് തന്നെ അമിതമായി ബാങ്ക് ലോണിനെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടും എല്ലാം ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ ചിത്രം.
ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം ഐ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തിരക്കഥ – കൃഷ്ണപ്രസാദ് ,ഡി ഒ പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, ഗാനരചന – സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥൻ, അജി സരസ്, കല – സുബാഹു മുതുകാട്, മേക്കപ്പ് – മഹേഷ് ചേർത്തല, കോസ്റ്റും – നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ്, അസിസ്റ്റൻ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ജാക്കുസൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ ,ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ, സൗണ്ട് എഞ്ചിനീയർ – നൗഷാദ്, ഹെയർ ട്രസറർ – ബോബി പ്രദീപ്, സ്റ്റിൽ – അഖിൽ, അഭിജിത്ത്, പി.ആർ.ഒ- അയ്മനം സാജൻ
Leave a Comment