കൊച്ചി : ഇടപ്പള്ളി വൈറ്റില റോഡ് ഉപരോധിച്ചത് ചോദ്യം ചെയ്ത നടൻ ജോജു ജോർജിന്റെ വാഹനം തകര്‍ത്ത കേസില്‍ കോൺഗ്രസ് പ്രവർത്തകൻ എറണാകുളം വൈറ്റില സ്വദേശി പി.ജി ജോസഫ് പിടിയിൽ. കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചു തകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിൾ അടക്കം പോലീസ് ശേഖരിച്ചു.
കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണ് ഒന്നാം പ്രതി. ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിന് നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നും നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും മരട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.
തന്റെ കാറിന്റെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു. കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. പ്രതികൾക്കെതിരെ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments