കൊച്ചി : വലിയ താരനിരകളോ അവകാശവാദങ്ങളോ ഇല്ലാതെ മേക്കിങ് കൊണ്ടും പ്രമേയം കൊണ്ടും മുന്നിട്ടു നിന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനടക്കം രണ്ട് പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു ‘തിങ്കളാഴ്ച്ച നിശ്ചയം’. ചിത്രത്തില്‍ കഥാപാത്രമായി എത്തിയവരെല്ലാം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇപ്പോള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സുജയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ചും തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചും അനഘ മനസു തുറന്നത്.
‘എൻറെ ആദ്യ സിനിമയാണ് ‘തിങ്കളാഴ്ച്ച നിശ്ചയം. ഓഡിഷന് വഴിയാണ് സിനിമയിലെത്തിയത്. അഭിനയം പണ്ടുമുതലേ പാഷനാണ്. ഓഡിഷനുകള്‍ക്കൊക്കെ അയക്കാറുണ്ട്. കുറേ തവണ പിന്തള്ളപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് ഫോട്ടോ അയക്കുന്നത്. അങ്ങനെ വിളിച്ചു, പോയി. തിരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാടാണ് എന്റെ സ്വദേശം. സിനിമയുടെ ഭാഗമായവരില്‍ ഏറെയും കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ്. ഞങ്ങള്‍ വീട്ടില്‍ എങ്ങനെയാണോ സംസാരിക്കുന്നത് അത് തന്നെയാണ് സിനിമയിലും കണ്ടത്. അതുകൊണ്ട് ഭാഷയൊന്നും ഒരു വിഷയമേ അല്ലായിരുന്നു ‘- അനഘ പറഞ്ഞു .
‘ചിത്രത്തിലെ അഭിനേതാക്കളില്‍ പലരെയും എനിക്ക് നേരത്തെ അറിയാവുന്നതാണ്. സുജയുടെ അച്ഛന് കുവൈത്ത് വിജയനായി വേഷമിട്ട മനോജേട്ടനെ എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ്. എന്റെ നായകനായെത്തിയ അര്ജുന് അശോകന് എന്റെ സഹപാഠിയാണ്. പിന്നെ നാടകവുമായിട്ടൊക്കെ പോകുമ്പോള്‍ പരിചയപ്പെട്ട കുറേ കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമായുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി കുറച്ച് സമയത്തിനുള്ളില്‍ തന്നെ ഞങ്ങളൊക്കെ ഒരു കുടുംബം പോലെയായി. അത്രയ്ക്കും രസകരമായിരുന്നു ചിത്രീകരണ ദിവസങ്ങള്‍. അഭിനയിക്കുമ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ല. സംവിധായകന് സെന്ന സര്, ഛായാഗ്രാഹകന്‍ ശ്രീരാജേട്ടന്‍ തുടങ്ങി എല്ലാവരും വലിയ പിന്തുണയാണ് തന്നത്’- അനഘ കൂട്ടിച്ചേർത്തു.
Post Your Comments