തിരുവനന്തപുരം : നവോത്ഥാന കേരളത്തിന്റെ സൃഷ്ടികർത്താവും വഴികാട്ടിയുമായ ശ്രീനാരായണ ഗുരുദേവന്റെ ’ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ‘ എന്ന വരികൾ ആലപിച്ച് സിനിമാവേദിയിലെ കലാസപര്യ തുടങ്ങിയ അനുഗ്രഹീത ഗായകനാണ് യേശുദാസ്. ഒരു മലയാളി ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട സ്വരം ആരുടേതാണെന്ന ചോദ്യത്തിന് നിസംശയം പറയാനാകുന്ന മറുപടി കെ.ജെ. യേശുദാസെന്നാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവൻ ആദ്യമായി പാടിയിട്ട് ഈ നവംബർ പതിനാലിന് അറുപത് വർഷമാവുകയാണ്. യേശുദാസിന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരുദിവസവും കടന്നു പോകുന്നില്ല. അനുഗ്രഹീതമായ ആ സ്വരമഹിമ രാജ്യാന്തര കീർത്തി കൈവരിച്ചത് പിന്നീടുള്ള ചരിത്രം. പാട്ടിന്റെ അറുപത് വർഷത്തിലെത്തുന്ന ഗാനഗന്ധർവ്വനെ കുറിച്ച് പറയുകയാണ് മമ്മൂട്ടി.
‘ഗാനഗന്ധര്‍വ്വന്റെ ആരാധകനാണ് ഞാന്‍. ഇനിയൊരു ജന്മമുണ്ടെങ്കില് യേശുദാസിനെപ്പോലൊരു ഗായകനാകണം എന്നാണ് എന്റെ മോഹം. ഞാന്‍ നായകനായി ആദ്യമഭിനയിച്ച ‘മേള’യില്‍ എനിക്കുവേണ്ടി യേശുദാസ് പാടുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. ’മനസ്സൊരു മാന്ത്രികക്കുതിരയായ് പാടുന്നു… മനുഷ്യന് കാണാത്ത പാതകളില്‍…’
യേശുദാസിനെ ഞാന്‍ ആദ്യമായി അടുത്തുകാണുന്നതും പരിചയപ്പെടുന്നതും സ്ഫോടനത്തിന്റെ പൂജാവേളയിലാണ്. പൂജയ്ക്ക് വന്ന യേശുദാസ് കറുത്ത മുണ്ടും വെള്ള ജൂബയും രുദ്രാക്ഷവും ഭസ്മക്കുറിയുമൊക്കെ അണിഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകാനുള്ള തിരക്കിനിടയിലും ’എന്താ മോനേ’യെന്ന് വിളിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നീട് ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായി. കുടുംബ സുഹൃത്തുക്കളായി. യേശുദാസിന്റെ മകന് വിജയ് യേശുദാസ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്തത്ര സന്തോഷം തോന്നാറുണ്ട്’- മമ്മൂട്ടി പറഞ്ഞു.
Post Your Comments