GeneralLatest NewsNEWS

വഴി തടയൽ സമരത്തിനെതിരെ പ്രതിഷേധം, നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി : റോഡ് ഗതാഗതം തടഞ്ഞ് കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്രതാരം ജോജു ജോർജ്ജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ധനവില വർദ്ധനവിനെതിരെ വൈറ്റില മുതൽ ഇടപ്പള്ളി വരെയുള്ള പ്രധാന റോഡിലെ ഗതാഗതം പൂർണ്ണമായും തടഞ്ഞായിരുന്നു സമരം. ഒരുമണിക്കൂറിലേറെ ട്രാഫിക്ക് കുരുക്കിൽ അകപ്പെട്ടതോടെ പ്രതിഷേധവുമായി ജോജുവും ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.

ജോജുവിന്റെ വാഹനം കടന്നു പോകാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ . ഒടുവിൽ സിഐ തന്നെ വാഹനത്തില് കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ വാഹനത്തിന്റെ പുറകിലത്തെ ഗ്ലാസ് അടിച്ചു തകർത്തത്.

സമരത്തിനിടെ വനിതാ പ്രവർത്തകരോട് ജോജു അപമര്യാദയായി പെരുമാറിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജോജു മദ്യപിച്ചിരുന്നുവെന്നും ആളാകാൻ വേണ്ടി ഷോ നടത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഗതാഗതകുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ കുടുങ്ങിയതോടെയാണ് ജോജു പ്രതിഷേധവുമായി രംഗത്തു വന്നത്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ നടുറോഡില് രൂക്ഷമായ വാക്കുതർക്കമാണ് ഉണ്ടായത്. കോവിഡ് കാലത്ത് ജീവിക്കാന് വേണ്ടി നെട്ടോട്ടം ഓടുന്നവരെയാണ് ബുദ്ധിമുട്ടിക്കുന്നതെന്ന് ജോജു പ്രതികരിച്ചു.

സ്ക്കൂൾ തുറന്ന ദിവസം ദേശീയ പാതയിൽ വാഹന ഗതാഗതം സ്തംഭിപ്പിച്ച കോൺഗ്രസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രോഗികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ തടഞ്ഞു. പരീക്ഷ എഴുതാൻ വന്ന വിദ്യാർഥികളും ചികിത്സയ്ക്ക് പോയ രോഗികളും തെരുവിൽ മണിക്കൂറുകൾ വലഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ സമരം നിർത്തി.

shortlink

Related Articles

Post Your Comments


Back to top button