കോഴിക്കോട് : കെ പി ഉമ്മര്‍ എന്ന മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഇന്ന് ഇരുപത് വര്‍ഷമാകുകയാണ്. നാടക നടനായിരുന്ന ഇദ്ദേഹം 60-70 കളില്‍ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയില്‍ തിളങ്ങി.1965-ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെ ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് പ്രവേശിച്ച ഉമ്മർ 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.
കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറത്ത് 1930 ഒക്ടോബര്‍ 11നാണ് ഉമ്മറിന്‍റെ ജനനം. കെ പി എ സി നാടകങ്ങളിലൂടെ പയറ്റിത്തെളിഞ്ഞ് സിനിമയിലെത്തിയ ഉമ്മര്‍ സ്നേഹജാൻ എന്ന പേരിലായിരുന്നു ആദ്യം അഭിനയിച്ചത്. അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂലധനം എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ ‘ശാരദേ ഞാനൊരു വികാരജീവിയാണ്’ എന്ന വാചകം ഇന്നും മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നു.
അരനൂറ്റാണ്ട് മുന്‍പ് യാദൃച്ഛികമായാണ് ഉമ്മര്‍ അഭിനയരംഗത്തെത്തുന്നത്. മുന്‍ മന്ത്രി പി പി ഉമ്മര്‍ക്കോയയുടെ ക്ഷണമനുസരിച്ച്, ‘ആരാണപരാധി’ എന്ന നാടകത്തില്‍ ജമീല എന്ന സുന്ദരിയായ യുവതിയുടെ വേഷം കെട്ടിയാണ് ഇദ്ദേഹം നാടകകളരിയില്‍ തന്‍റെ വേഷംകെട്ടലിന് തുടക്കംകുറിക്കുന്നത്. പൊതുവെ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രത്യക്ഷപ്പെടാതിരുന്ന ഒരു കാലത്ത് ജമീല എന്ന കഥാപാത്രം, പ്രത്യേകിച്ച് കെ പി ഉമ്മറിന്‍റെ സൗന്ദര്യം കൂടിയായതോടെ ഏറെ ചര്‍ച്ചാ വിഷയമായി.
കെ പി എ സിയുടെ പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, അശ്വമേധം തുടങ്ങി ഒരുപിടി നാടകങ്ങളില്‍ സജീവമായി നില്ക്കുന്നതിനിടെയാണ് ഭാസ്‌ക്കരന്‍ മാഷിന്‍റെ ‘രാരിച്ചന്‍ എന്ന പൗരനി’ലൂടെ ഇദ്ദേഹം വെള്ളിത്തിരയിലും സജീവമാകുന്നത്. എന്നാല്‍ ആദ്യസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ വീണ്ടും കെ പി എ സിയില്‍ തന്നെ എത്തി നാടക രംഗത്ത് സജീവമാകുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷം എം ടിയാണ് കെ പി ഉമ്മറിനെ തന്‍റെ ‘മുറപ്പെണ്ണ്’ എന്ന സിനിമയിലൂടെ വീണ്ടുംചലച്ചിത്രലോകത്തേക്ക് കൊണ്ടുവരുന്നത്.
ഇതിനു ശേഷം പുറത്തിറങ്ങിയ ‘നഗരമേ നന്ദി’യിലെ വില്ലന്‍ കഥാപാത്രം ഉമ്മറിനെ ചലച്ചിത്രലോകത്ത് സജീവമാക്കുകയായിരുന്നു. ഇതിനിടെ ഐ വി ശശിയുടെ ഉത്സവത്തില്‍ നായക വേഷംകൂടി കെട്ടിയതോടെ ഇദ്ദേഹത്തിലെ സ്വാഭാവിക നടനെ കൂടി മലയാളത്തിലെ സിനിമാലോകം അംഗീകരിക്കുകയായിരുന്നു.
ഐ വി ശശിയുടെ ഉത്സവമാണ് വില്ലന്‍ കഥാപാത്രങ്ങളിൽ നിന്നും ഉമ്മറിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടു വന്നത്. മുറപ്പെണ്ണിലെ കേശവന്‍ കുട്ടി, കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്‍, മരത്തിലെ പുയ്യാപ്ള, സുജാതയിലെ കര്‍ക്കശക്കാരൻ, വടക്കന്‍പാട്ട് സിനിമയിലെ ക്രൂരകഥാപാത്രങ്ങള്‍- ഉമ്മര്‍ അവതരിപ്പിച്ച വേഷങ്ങൾ വ്യത്യസ്തമാണ്. മുറപ്പെണ്ണിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന്‍ അവാര്‍ഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടിയെത്തി. കെ.ടി. മുഹമ്മദിന്‍റെ ‘ഇത് ഭൂമിയാണ്’ നാടകത്തിലെ 85 കാരനായ ഹാജിയാരുടെ വേഷം ഉമ്മറിന്‍റെ കലാ ജീവിതത്തിന് വഴിത്തിരിവായി.
ഫാസിലിന്റെ ഹരികൃഷ്ണന്‍സ് ആണ് അവസാന ചിത്രം. കോഴീക്കോട്ടെ നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു ഉമ്മർ . പ്രസിദ്ധ ഫുട്ബോള്‍ കളിക്കാരന്‍ ഒളിംപ്യൻ റഹ്‍മാൻ, ഉമ്മറിന്‍റെ അമ്മാവനായിരുന്നു. ഉമ്മര്‍ മലയാള സിനിമാ ലോകത്തിന്‍റെ ‘സുന്ദരനായ വില്ലനാ’യിരുന്നു. നായകനൊപ്പം സ്ഥാനം കിട്ടിയ വില്ലന്‍.
Post Your Comments