
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിക്കേസില്‍ നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് നാല് വ്യവസ്ഥകളോടെ. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.ഡബ്ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് എന്‍.സി.ബി കോടതിയില്‍ പറഞ്ഞിരുന്നതിനാല്‍ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
വ്യവസ്ഥകൾ :
- എന്‍ഡിപിഎസിയിലെ പ്രത്യേക ജഡ്ജിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ആര്യൻ രാജ്യം വിടരുത്. എന്‍.സി.ബി കോടതിയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരം ആര്യന് തന്റെ പാസ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കണം.
- ആര്യന് ഖാന് മുംബൈയിൽ നിന്ന് രാജ്യത്തിനുള്ളിലെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ എങ്ങോട്ടാണ് യാത്രയെന്നും, യാത്രയുടെ ആവശ്യകതയും അന്വേഷണ ഉദ്യോഗസ്ഥനെ മുന്‍കൂര്‍ അറിയിക്കണം.
- കോടതിയിലെ നടപടികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങള്‍ വഴി മൊഴി നല്കാന് ആര്യന് ഖാന് അനുവദമില്ല.
- കേസിലെ കൂട്ടുപ്രതികളുമായി നേരിട്ടോ അല്ലാതെയോ സമാന കേസില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുമായോ ആശയവിനിമയം നടത്താന്‍ ശ്രമിക്കരുത്.
കൂടാതെ, തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിപ്പിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും പ്രത്യേകം പറയുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയില്‍ എന്‍.സി.ബിയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments