തിരുവനന്തപുരം : മലയാളത്തില്‍ ആദ്യമായി ഒരു സിനിമാതാരത്തിന്റെ പേരില്‍ പെര്‍ഫ്യൂം എത്തുന്നു. നടി ഊര്‍മിളാ ഉണ്ണിയാണ് സ്വന്തം പേരിലുള്ള പെര്‍ഫ്യൂമുമായി എത്തുന്നത്. പെര്‍ഫ്യൂമിന്റെ പേര് ‘ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി’ എന്നാണ്. സ്വന്തമായൊരു പെര്‍ഫ്യൂമെന്നത് വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നെന്ന് ഊർമ്മിള പറഞ്ഞു.
‘ഏറെ നാളുകളായി മനസ്സിലുള്ള ആഗ്രഹമാണ് എന്റെ പേരില്‍ ഒരു പെര്‍ഫ്യൂം. അങ്ങനെ ഒരു തോന്നല്‍ വരാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ ആദ്യമായി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കിയ സിനിമാതാരം സീനത്ത് അമന്‍ ആണ്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അത് മാര്‍ക്കറ്റില്‍ എത്തിയത്. ഡല്‍ഹിയിലോ ബോംബെയിലോ മറ്റോ ഒരു എയര്‍പോര്‍ട്ടില്‍ കൂടി നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള ഒരു പെര്‍ഫ്യൂം കണ്ടു. അതിന്റെ കവറില്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു.
എന്റെ ഫോട്ടോ വച്ച ഒരു പെര്‍ഫ്യൂം ഇങ്ങനെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹം തോന്നി. ഒരുപാടു വര്‍ഷം മുമ്പ് സംഭവിച്ച കാര്യങ്ങളാണിതൊക്കെ. ആ ആഗ്രഹം ഇങ്ങനെ മനസ്സില്‍ കിടക്കുകയായിരുന്നു. ഇപ്പോള്‍ മകളുടെ വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ മകള്‍ ഉത്തരയും മരുമകനുമാണ് പറഞ്ഞത് അമ്മയുടെ വളരെ നാളത്തെ ആഗ്രഹമില്ലേ, അത് നമുക്ക് ചെയ്യാം എന്ന്. പെര്‍ഫ്യൂം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മുന്‍കൈയെടുത്തത് സത്യത്തില്‍ അവരാണ്. തല്‍ക്കാലം ഒരു സാംപിള്‍ മാത്രമേ വന്നിട്ടുള്ളൂ. അത് കിട്ടിയ സന്തോഷത്തിലാണ് ഞാന്‍ അതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അത് കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. വലിയ റെസ്പോണ്‍സ് ആണ് കിട്ടിയത്.
‘ഊര്‍മിളാ ഉണ്ണീസ് വശ്യഗന്ധി” എന്നാണ് ഞാന്‍ അതിനു പേരിട്ടിരിക്കുന്നത്. അങ്ങനെ പേരിടാനും കാരണമുണ്ട്. ഞാന്‍ പണ്ടു മുതലേ ഉപയോഗിക്കുന്ന പെര്‍ഫ്യൂമിന്റെ പേര് വശ്യഗന്ധി എന്നാണ്. മോഹന്‍ലാലും സുരേഷ്‌ഗോപിയും ഉള്‍പ്പടെയുള്ള താരങ്ങള്‍, ‘ഏത് സുഗന്ധമാണ് ഉപയോഗിക്കുന്നത്’ എന്ന് ചോദിക്കാറുണ്ട്. എവിടുന്നാണ് ഇത്ര നല്ല മണം കിട്ടുന്നത്? എന്തു കൂട്ടാണ് അത്? എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കും. എന്റെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന സുഗന്ധമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ കോവിലകങ്ങളില്‍ മുത്തശ്ശിമാര്‍ പകര്‍ന്നു തന്ന ഒരു കൂട്ടാണ് ഇത്, കോവിലകത്തു തന്നെ ഉണ്ടാക്കുന്ന ഒരു സുഗന്ധമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്.
ചന്ദനതൈലത്തിന്റെയും സാമ്പ്രാണിയുടേയുമൊക്കെ മിക്സ് ആയിട്ടുള്ള മണമാണ് അത്. കോവിലകത്ത് ഉണ്ടാക്കിയിരുന്ന ആ കൂട്ടിന്റെ പേരാണ് വശ്യഗന്ധി. ആ മണം എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് അതുകൊണ്ട് അതുമായി സാമ്യമുള്ള ഒരു പെര്‍ഫ്യൂം ഇറക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. വശ്യഗന്ധി എന്ന പേരിലുള്ള ഈ ഒരു സുഗന്ധം മാത്രമേ ഇപ്പോള്‍ ഞാന്‍ ചെയ്യുന്നുള്ളൂ. ഒരുപാടു കാലത്തെ എന്റെ ആഗ്രഹം സഫലമാകുന്നതില്‍ വളരെ സന്തോഷമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ ആരും ചെയ്യാത്ത കാര്യമാണ് സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുക എന്നുള്ളത്.
ഇന്ന് രാവിലെ മുതല്‍ ഫോണ്‍ കോളിന്റെ ബഹളമാണ്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ വശ്യഗന്ധിയെപ്പറ്റി ചോദിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഞാന്‍ വഴി എത്തിച്ചു കൊടുക്കുന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ ഇതിന്റെ ലഭ്യത. ഡിമാന്റിന് അനുസരിച്ചുമാത്രമേ മാര്‍ക്കറ്റില്‍ ഇറക്കുന്ന കാര്യം പരിഗണിക്കുന്നുള്ളൂ. വശ്യഗന്ധി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സുഗന്ധമായിരിക്കും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ’ – ഊര്‍മിളാ ഉണ്ണി പറഞ്ഞു.
Post Your Comments