ചെന്നൈ : സംഘം കവയിത്രി ഒക്കുർ മാസാത്തിയാർ രചിച്ച പുറനാനൂറ് 279 എന്ന കവിത ദൃശ്യഭാഷ്യമായി ഒരുങ്ങിയ തമിഴ് ഹ്രസ്വ ചിത്രം പുറത്തിൽ ശക്തമായ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് കണ്ണൂർകാരി ഭാനുപ്രിയയാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്.
ഉറ്റവരെയും ഭർത്താവിനെയും യുദ്ധത്തിൽ നഷ്ടപ്പെട്ടിട്ടും തന്റെ ചോരയിൽ പിറന്ന മകനെ ചങ്കുറ്റത്തോടെ പോർക്കളത്തിലേക്ക് പറഞ്ഞയക്കുന്ന തീയായ പെണ്ണിന്റെയും പെറ്റമ്മയുടെ കണ്ണുകളിലെ ധൈര്യം മുതൽകൂട്ടാക്കി സധൈര്യം പോർക്കളത്തിലേക്ക് പോകുന്ന മകന്റെയും കഥയാണ് പുറം. സംവിധായകൻ കാർത്തികേയൻ മണി രണ്ടായിരം വർഷം പഴക്കമുള്ള കവിതയെ ദൃശ്യമായി ആവിഷ്കരിക്കുമ്പോൾ അതിലെ അമ്മ മുഖത്തിനായി ഒരുപാട് അന്വേഷണങ്ങൾ നടത്തിയിരുന്നു. അവസാനം ആ അന്വേഷണം എത്തി നിന്നത് കണ്ണൂർകാരി ഭാനുപ്രിയയിലേക്കാണ്.
‘മലയാളത്തിൽ ഞാൻ പൂർത്തിയാക്കാനുള്ള ജുംബാലഹരി എന്ന സിനിമയിലെ ഒരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ആ ഗാനം കണ്ടാണ് സംവിധായകൻ കാർത്തികേയൻ സാർ വിളിക്കുന്നത്. സംഘം തമിഴ് ആയതുകൊണ്ട് തന്നെ ഭാഷയേയും ചരിത്രത്തെയും എനിക്ക് കിട്ടാവുന്ന ഉറവിടങ്ങൾ വഴിയെല്ലാം കൂടുതൽ അടുത്തറിയാൻ ശ്രമിച്ചു. അന്നത്തെ കാലത്തെ സ്ത്രീകൾ എങ്ങനെയെന്നത് പാട്ടുകളിലൂടെ മാത്രമേ മനസിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ കവിതകൾ ആഴത്തിൽ പഠിച്ചു.
കവിയും ഡി.എം.കെ. നേതാവുമായ കനിമൊഴി ആണ് പുറത്തിന്റെ ഉദ്ഘാടനം ചെയ്തത്. പുറത്തിൽ പറയുന്നത് പോലെ ഭർത്താവ് മരിച്ച സ്ത്രീകൾ ഒരിക്കലും വിധവയായല്ല ജീവിക്കേണ്ടതെന്ന് പറയുന്ന രാഷ്ട്രീയത്തെ പ്രശംസിച്ച് കനിമൊഴി മാം സംസാരിച്ചിരുന്നു. ഒരു കവിതയെ സിനിമാറ്റിക് രീതിയിലേക്ക് മാറ്റുമ്പോൾ അത്രയധികം റിസ്ക് ഉണ്ട്. ചരിത്രത്തോട് നീതി പുലർത്തി ഇത്തരത്തിലൊരു ദൃശ്യാ ഭാഷ ഒരുക്കിയതിൽ പുറത്തിന്റെ സംവിധായകനും സിനിമാട്ടോഗ്രാഫറും ഉൾപ്പടെ മുഴുവൻ അണിയറ പ്രവർത്തകരുടെ കഠിനാദ്ധ്വാനമാണ്. മകനായി അഭിനയിച്ച പ്രവീൺ മാസ്റ്റർ , വിക്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ച തമിഴകത്തെ ബാലതാരമാണ്’- ഭാനു പ്രിയയുടെ പറഞ്ഞു.
Post Your Comments