കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനും, ടെലിവിഷൻ അവതാരകനും, മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിയിലൂടെ സിനിമാലോകത്തെത്തി തന്റേതായ സ്ഥാനമുറപ്പിച്ചയാളാണ് നസീർ. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്
ഇപ്പോൾ, ജീവിതത്തില്‍ കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ക്ഷേത്രങ്ങളിലാണെന്നും, അതുകൊണ്ട് അവിടത്തെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ മടിയില്ലെന്നും തുറന്നു പറയുകയാണ് കോട്ടയം നസീര്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നസീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നസീറിന്റെ വാക്കുകൾ :
‘ഞാന്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ സ്വന്തം സമുദായത്തിന്റെ ആരാധനാലയങ്ങളില്‍ കുറച്ച് പരിപാടി മാത്രമേ ചെയ്തിട്ടുളളൂ. അത് തന്നെ പല സംഘടനകളുടെ പരിപാടിയാണ്.
എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട്. ഒരുപക്ഷേ ഞാന്‍ ഒരു മുസ്ലിം മതവിശ്വാസി ആയതു കൊണ്ടാകാം. പിന്നെ ഞങ്ങളുടെ മതത്തില്‍ വിഗ്രഹാരാധന ഇല്ലാത്തതു കൊണ്ട് കൂടിയായിരിക്കാം ആ ചോദ്യം ആള്‍ക്കാര്‍ ചോദിക്കാന്‍ കാരണം.
അമ്പലങ്ങളിലും, ക്രിസ്ത്യന്‍ പളളികളിലും പോകുമ്പോൾ ആ വിഗ്രഹങ്ങളെ തൊഴാറുണ്ടോ? അതിന് എനിക്ക് പറയാനുളള മറുപടി എന്താണ് എന്നുവച്ചാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് വിഗ്രഹങ്ങളും പ്രതിഷ്ഠയും വരുമ്പോഴാണ് അവിടെ ആരാധനാലയം ഉണ്ടാകുന്നത്. ആ ആരാധനാലയം ഉളളതുകൊണ്ടാണ് അവിടെ ഭക്തജനങ്ങള്‍ വരുന്നത്. ആ ഭക്തജനങ്ങളുടെ സന്തോഷത്തിനും കൂട്ടായ്മയ്‌ക്കും വേണ്ടിയാണ് അവിടെ ഉത്സവം നടത്തുന്നത്.
ആ ഉത്സവങ്ങള്‍ ഉളളതുകോണ്ടാണ് താന്‍ അടക്കമുളള കലാകാരന്മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ സ്റ്റേജ് കിട്ടുന്നത്. ആ വേദികളില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എന്റെയും അതുപോലുളള ആയിരകണക്കിന് കലാകാരന്മാരുടെയും കുടുംബങ്ങള്‍ കഴിയുന്നത്. അന്നം തരുന്നത് ആരാണോ അവര്‍ എന്റെ ദൈവമാണ്. അത് ഏത് മതത്തില്‍പ്പെട്ട ദൈവമായാലും വന്ദിക്കുന്നതിന് എനിക്ക് ഒരു മടിയുമില്ല’.
Post Your Comments