കണ്ണൂർ : കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീയേറ്ററുകൾ തുറന്നെങ്കിലും കാണികളിൽ നിന്ന് വലിയ പ്രതികരണങ്ങൾ ഇല്ലെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. കണ്ണൂർ ജില്ലയിൽ ബുധനാഴ്ച പ്രദർശനം പുനരാരംഭിച്ച തിയേറ്ററുകളിൽ കാണികളുടെ തണുപ്പൻ പ്രതികരണമായിരുന്നു.
പേരാവൂർ ‘ഓറ സിനിമാസി’ലെ ആദ്യ മൂന്ന് പ്രദർശനവും കാണികളാരും എത്താത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. ആറിനുള്ള പ്രദർശനം നടന്നുവെങ്കിലും കാഴ്ചക്കാർ നന്നേ കുറവായിരുന്നു. കുടുംബപ്രേക്ഷകരാരും സിനിമ കാണാനെത്തിയില്ല. എത്തിയവരെല്ലാം യുവാക്കളാണ്.
വിദേശ സിനിമകളായ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, വെനം എന്നിവയാണ് ഇവിടെ റിലീസ് ചെയ്തിരുന്നത്. മലയാള സിനിമയാണെങ്കിൽ കൂടുതൽ പേരെത്തുമായിരുന്നു എന്നാണ് വിലയിരുത്തൽ. ആലക്കോട് ഫിലിം സിറ്റിയിലെ സൂര്യ, ചന്ദ്ര, നക്ഷത്ര എന്നീ മൂന്ന് തിയേറ്ററുകളിലും സമാനമായ സ്ഥിതിയായിരുന്നു. മൂന്ന് തിയേറ്ററുകളിലെ ഒൻപത് ഷോകൾക്കായി ആകെ എത്തിയത് നൂറിൽപരം പേരാണ്.
ജോജു നായകനായ ‘സ്റ്റാർ’ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നതോടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിലിം സിറ്റി ചെയർമാൻ കെ.എം. ഹരിദാസ് അറിയിച്ചു.
നവംബർ ആദ്യവാരത്തോടെ മലയാള സിനിമകളും ദീപാവലി ചിത്രങ്ങളും റിലീസ് ചെയ്യുന്നതോടെ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. പാതി സീറ്റുകളിലേക്ക് മാത്രമാണ് നിലവിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
Post Your Comments