ആമസോണ്‍ പ്രൈമിലൂടെ റിലീസായ വിക്കി കൗശാലിനെ നായകനാക്കി ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍ ഉദ്ധം’ 94 മത് ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഓസ്കാര്‍ പുരസ്കാരത്തിനുള്ള അവസാന ലിസ്റ്റില്‍ ഇടം പിടിച്ചെങ്കിലും ചിത്രം പരിഗണിക്കപ്പെട്ടില്ല. ഇപ്പോൾ ഈ ചിത്രത്തെ ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി തെരെഞ്ഞെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജൂറി അംഗമായ ഇന്ദ്രദീപ് ദാസ് ഗുപ്ത.
‘ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പ്രകടമായതിനാലാണ് ഓസ്കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗി എന്‍ട്രിയായി തെരഞ്ഞെടുക്കാതിരുന്നത്. ആഗോള വത്കരണകാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങളുള്ള സിനിമ ആഗോള മത്സരത്തില്‍ അയക്കുന്നത് ശരിയല്ല’- ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം വ്യക്തമാക്കി. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി മൈക്കിള്‍ ഒഡ്വയറെ ലണ്ടനില്‍ വച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വിപ്ലവകാരി സര്‍ദാര്‍ ഉദ്ധം സിങ്ങിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ഉദ്ധം സിങ് വലിച്ചു നീട്ടിയെന്നാണ് മറ്റൊരു ജൂറി അംഗം പറഞ്ഞത്. ക്യാമറ, സൗണ്ട് എന്നീ ഘടകങ്ങള്‍ ഒരുപാടുപേര്‍ക്ക് ഇഷ്ടമായി. എന്നാല്‍ ക്ലൈമാക്സും വളരെ വൈകിപ്പോയെന്നും ജാലിയന്‍വാലാബാഗ് രക്തസാക്ഷികളുടെ യഥാര്‍ത്ഥ വേദന ജനങ്ങളില്‍ എത്താന്‍ സമയം എടുത്തുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം ജൂറി അംഗത്തിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഗാന്ധിയുടെ കഥ പറഞ്ഞ അറ്റന്‍ബറോയുടെ ‘ഗാന്ധി’ ചിത്രത്തിന് നിരവധി ഓസ്കാര്‍ കിട്ടിയത് പലരും ഓര്‍മ്മിപ്പിക്കുന്നു.
94-ാമത് അക്കാദമി അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുക ഒരു തമിഴ് ചലച്ചിത്രമാണ്. പി എസ് വിനോദ്‍രാജ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ നയൻതാരയും വിഘ്‌നേഷും നിർമ്മിക്കുന്ന ‘കൂഴങ്കല്‍’ എന്ന ചിത്രമാണ് ഓസ്‍കറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.
Post Your Comments