ജിബു ജേക്കബ് വീണ്ടും കടന്നു വരുന്നത് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായിട്ടാണ്. ചിത്രം – എല്ലാം ശരിയാകും. വ്യത്യസ്ഥമായ രാഷ്ട്രീയ വീക്ഷണമുള്ള, രണ്ടു ധ്രുവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ച് കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ലാ ഫിലിംസ് ആൻ്റ് ഡോ.പോൾ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ തോമസ് തിരുവല്ലയും ഡോ.പോളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മദ്ധ്യ തിരുവതാംകൂറിൻ്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം അതിശക്തമായ കുടുംബ ബന്ധത്തിൻ്റെ കഥ കൂടിയാണ് പറയുന്നത്. ഇവിടെ ഈ ചിത്രത്തെ ഒറ്റ വാക്കിൽ നിർവ്വചിക്കാവുന്നത് ഇങ്ങനെ – ‘പൊളിറ്റിക്കൽ ഫാമിലി ത്രില്ലർ’.
കൊടിയുടെ നിറവ്യത്യാസങ്ങൾ ഒരു കുടുംബ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.
ഇക്കുറി യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയാണ് നായകൻ.
റെജീഷാ വിജയനാണ് നായിക. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിനു ശേഷം
ആസിഫ് അലിയും റെജിഷാ വിജയനും ജോഡികളാകുന്ന ചിത്രം കൂടിയാണിത്.
ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിദ്ദീഖാണ്. ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിൻ്റെ പോരാളിയായ വിനീത്. മറുവശത്ത് ജനാധിപത്യ ചേരിയിലെ അതിശക്തനായ നേതാവ് ചാക്കോ സാർ, കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ പ്രധാന വ്യക്തി. വ്യത്യസ്ഥ രാഷ്ടീയ കോണിലൂടെ അങ്കം കുറിക്കുന്നവർ – വിനീതും, ചാക്കോ സാറും. ഇവരുടെ രണ്ടു പേരുടേയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങൾ ചിത്രത്തിൻ്റെ കഥാഗതിയിൽ പുതിയ വഴിത്തിരിവുകൾ സമ്മാനിക്കുന്നു.രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ കുടുംബ ബന്ധങ്ങളുടെ തീവ്രത നിരവധി നാടകീയ മുഹൂർത്തങ്ങളിലൂടെ വരച്ചു കാട്ടുന്നു ഈ ചിത്രത്തിലൂടെ.
കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബാലു വർഗീസ്, ജയിംസ് ഏല്യാ, തുളസി (ശങ്കരാഭരണംഫെയിം), ജൻസൺ ആലപ്പാട്ട്, സജിൻ അഞ്ജു മേരി തോമസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഷാരിസ് മുഹമ്മദിൻ്റെതാണ് രചന. ഹരി നാരായണൻ്റെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാ ഗ്രാഹകൻ. എഡിറ്റിംഗ് – സൂരജ് ഈഎസ്, കലാസംവിധാനം- ദിലീപ് നാഥ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് ഭാസ്ക്കരൻ,
അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിപിൽ ദേവ്, സഹസംവിധാനം – സിൻ്റോ സണ്ണി, ഷബിൽ അസീസ്, ഷാരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഷിൻ്റോ ഇരിങ്ങാലക്കുട, ഉണ്ണി പൂങ്കുന്നം, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം.
ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
ഫോട്ടോ .ലിബിസൺ ഗോപി.
Post Your Comments