ദോഹ : 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകളുമായി ഖത്തറിലെ പ്രധാന ചലച്ചിത്ര മേളയായ ‘അജ്യാല്‍’ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ ഏഴിന് ആരംഭിക്കും. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ ഒമ്പതാമത് എഡിഷനാണ് നടക്കാൻ പോകുന്നത്. കതാറ വില്ലേജ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലായാണ് പ്രദര്‍ശനം നടക്കുക.
നവംബര്‍ ഏഴ് മുതല്‍ 13വരെ നടക്കുന്ന മേളയില്‍ 44 രാജ്യങ്ങളില്‍ നിന്നുള്ള 85 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 31 ഫീച്ചര്‍ സിനിമകളും 54 ഹ്രസ്വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടാവുക. ഇതില്‍ തന്നെ 22 എണ്ണം അറബ് സിനിമകളും 32 എണ്ണം വനിതാ സംവിധായകരുടെ സൃഷ്ടികളുമാണ്.
അകാദമി അവാര്‍ഡ് ജേതാവായ ഇറാനിയന്‍ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ ഹീറോ’ എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന പ്രദര്‍ശന ചിത്രം. 13 സിനിമകള്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ നിര്‍മ്മിച്ചതാണ്. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇക്കുറി 10 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയും, നേരിട്ടും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കതാറ, സികാത് വാദി മിഷൈരിബ്, ലുസൈല്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസ് എന്നിവടങ്ങളിലായാണ് പ്രദര്‍ശനം. ‘മേളക്കുള്ള ടിക്കറ്റുകള്‍ ചൊവ്വാഴ്ച മുതല്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് വഴി വില്പന ആരംഭിച്ചു. രണ്ടുവര്‍ഷത്തെ കോവിഡ് കാലത്തില്‍ നിന്നും ലോകം അതിജയിച്ചു വരുന്നതിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവും ഈ വര്‍ഷത്തെ ‘അജ്യാല്‍’- ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാത്തിമ ഹസ്സന് അല്‍ റിമൈഹി പറഞ്ഞു.
Post Your Comments