കൊച്ചി : പ്രതിഭാധനനായ അച്ഛന്റെ പ്രതിഭാധനരായ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. മലയാളി പ്രേക്ഷകർ അത്രയും സ്നേഹിക്കുന്ന അച്ഛനും മക്കളും. ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വഴിയേ മകൻ വിനീത് എത്തിയപ്പോഴും ധ്യാൻ ഒന്നിലും ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു. ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി – നയൻതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി. തുടർന്ന് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് തന്റേതായ സ്ഥാനമുറപ്പിച്ചു.
ഇപ്പോൾ കൈരളി ടി വിയിൽ വന്ന ഒരു അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. കുറെ വർഷം മുന്നേയുള്ള വീഡിയോ ആണ്. അതിലെ ധ്യാൻറെ നിഷ്കളങ്കമായുള്ള സംസാരമാണ് ചിരി പടർത്തിയിരിക്കുന്നത്. ഇഷ്ട നടനെയും നടിയെയും കുറിച്ചുമുള്ള ചോദ്യത്തിന് മോഹൻലാൽ ആണ് ഇഷ്ട നടനെന്നും, നവ്യയെ ഇഷ്ടമായിരുന്നു എന്നാൽ ഇപ്പോൾ ഇഷ്ടമല്ലെന്നുമാണ് ധ്യാൻ ഉത്തരം നൽകിയത്. കാരണമായി പറഞ്ഞത് വെള്ളിത്തിരയിൽ നവ്യയുടെ അഭിനയം കുറച്ച് ഇഴുകിച്ചേർന്നത് ആയിരുന്നു എന്നതാണ്. കൂടാതെ മീരാജാസ്മിനോടുള്ള ഇഷ്ടം വിനീത് പറഞ്ഞതായും വെളിപ്പെടുത്തി.
‘ഇഷ്ട്ടപ്പെട്ട നടൻ മോഹൻലാലാണ്. നടിമാരിൽ ശോഭനയെ ഇഷ്ടമായിരുന്നു. പിന്നെ നവ്യാ നായരെ ഇഷ്ടമായിരുന്നു എന്നാൽ ഇപ്പൊ ഇഷ്ടമല്ല. വെള്ളിത്തിര സിനിമയുടെ പോസ്റ്റർ കണ്ടതോടെ നവ്യയോടുള്ള ഇഷ്ടം പോയി. പൃഥ്വിരാജിനോട് പക്ഷെ ഇഷ്ടക്കുറവില്ല. പൃഥ്വിരാജ് ലക്കി ആണെന്ന് തോന്നി’- ധ്യാൻ പറഞ്ഞു. ഇത് കേട്ട ശ്രീനിവാസൻ നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്ന് തോന്നിയോ എന്നുള്ള ചോദ്യത്തിന് ‘തോന്നിയിട്ടുണ്ട്, നവ്യയോട് മാത്രമല്ല കുറെ പേരോട് തോന്നിയിട്ടുണ്ട്’ എന്നായിരുന്നു ധ്യാനിന്റെ ഉത്തരം.
അതിനിടയിൽ ചേട്ടൻ വിനീതിനിട്ടും ധ്യാൻ ഒരു പണി കൊടുത്തു. മീര ജാസ്മിനെ ചേട്ടന് ഒത്തിരിയിഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. ‘ചേട്ടന് മീര ജാസ്മിനെ ഭയങ്കര ഇഷ്ടമായിരുന്നു. നിന്റെ ചേട്ടത്തിയമ്മയായിട്ട് മീര ജാസ്മിൻ വരുന്നത് കൊണ്ട് നിനക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചേട്ടൻ ചോദിച്ചിട്ടുണ്ട്. എന്നാൽ ബാല എന്നൊരു ചിത്രത്തിൽ മീര വല്ലാതെ ഇഴുകിച്ചേർന്ന് അഭിനയിച്ചപ്പോൾ മുതൽ ആ ഇഷ്ടം പോയി’- ധ്യാൻ പറഞ്ഞു.
Post Your Comments