കൊച്ചി : അനേകം പ്രതിസന്ധികൾ തരണം ചെയ്ത് പ്രശസ്തിയിലേക്കുയർന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിത കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും പിന്നണി ഗാനരംഗത്ത് സജീവമാവാൻ തയ്യാറെടുക്കുന്ന പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പ്രിയപ്പെട്ട വിജയലക്ഷ്മി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. കൂടാതെ തനിക്കും കുടുംബത്തിനും കൊവിഡ് പോസിറ്റീവ് ആയതിനെ കുറിച്ചും പ്രിയഗായിക അഭിമുഖത്തിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് വൈക്കം വിജയലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. പാചക വീഡിയോ മറ്റും താരം പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ലെന്നാണ് താരം പറയുന്നത്.
വിജയലക്ഷ്മിയുടെ വാക്കുകൾ :
‘ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും അനുഭവപ്പെട്ടില്ല. കോവിഡിന് മുൻപും വീട്ടിൽ ഉള്ള സമയങ്ങളിലെല്ലാം ഞാൻ കീർത്തനങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുമായിരുന്നു. കോവിഡ് കാലത്ത് സംഗീത പരിപാടികൾ കുറവായിരുന്നതു കൊണ്ട് പ്രാക്ടീസ് ചെയ്യാൻ കൂടുതൽ സമയം ലഭിച്ചു. ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു.
പ്രാക്ടീസ് ഇല്ലാത്ത സമയത്ത് പാചക പരീക്ഷണങ്ങളും നടത്തി. വിവിധ തരം അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പല തരത്തിലുള്ള അച്ചാറുകൾ അതിലുൾപ്പെടുന്നു. പാചകപരീക്ഷണങ്ങളുടെ വിഡിയോ എന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. പിന്നെ, ഞാനും എന്റെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ആർക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല എന്നതു ഭാഗ്യമായി കണക്കാക്കുകയാണ്. ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു.
മലയാളം തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചു. മലയാളത്തിൽ ‘സമന്വയം’ എന്ന ചിത്രത്തിൽ ഞാനും മധു ബാലകൃഷ്ണൻ ചേട്ടനും ചേർന്നു പാടി. സംഗീതം വാഴമുട്ടം ചന്ദ്രബാബു സർ ആണ്. ‘റൂട്ട്മാപ്’ എന്ന ചിത്രത്തിൽ പ്രശാന്ത് ചേട്ടന്റെ സംഗീതത്തിൽ പാടി. ‘തൃപ്പല്ലൂരിലെ കള്ളന്മാർ’ എന്ന സിനിമയിൽ വിധു പ്രതാപിനൊപ്പം പാടിയിട്ടുണ്ട്. ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. ഷാൻ റോൾഡന്റെ സംഗീതത്തിൽ ഒരു മെലഡി പാടി പൂർത്തിയാക്കി. ‘കാതൽ പുസ്തകം’ എന്ന മറ്റൊരു തമിഴ് ചിത്രത്തിലും പാടിയിട്ടുണ്ട്. ‘ഗാന്ധിജി കം ബാക്ക്’ എന്ന ഒരു തമിഴ് ചിത്രത്തിൽ ബംഗാളി ഭാഷയിൽ പാട്ട് പാടി. ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടാൻ അവസരം ലഭിച്ചു’- വിജയലക്ഷ്മി പറഞ്ഞു.
ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു എന്നാണ് ജീവിതത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി പറയുന്നത്. ‘പാട്ടുകാരിയായ എനിക്ക് പാടാൻ അവസരം ലഭിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി’- താരം കൂട്ടിച്ചേർത്തു.
Post Your Comments