കൊച്ചി : മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നിസ്. നിരവധി സിനിമകൾക്ക് കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയിട്ടുണ്ട്. ഒരുപാട് കാലമായി ഉന്നയിക്കുന്ന സംശയമാണ് മോഹന്‍ലാലും കലൂര്‍ ഡെന്നിസും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന്. ഇപ്പോഴിതാ അതിനുള്ള മറുപടി പറയുകയാണ് അദ്ദേഹം.
കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍:
‘എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും എന്നോട് ചോദിക്കുമായിരുന്നു. ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നു. മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നു. ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനു വേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോണ്‍പോളിന്റേതാണ്.
ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്‍മ എന്ന സിനിമയാണ്. പലരും എന്നോട് ചോദിക്കാറുണ്ട് ഞാനും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്. അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മ്മാതാക്കളുണ്ട്. ഞാന്‍ ജോഷി – മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണെന്ന് എല്ലാരും പറഞ്ഞത് ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആണ്. അന്ന് എല്ലാവരും സംസാരിച്ചത് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു’- കലൂർ ഡെന്നിസ് പറഞ്ഞു.
Leave a Comment