മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പ്രതിയായ ലഹരിമരുന്ന് കേസില്‍ വമ്പൻ ട്വിസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ, കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തി.
25 കോടി ചോദിക്കാം,18 കിട്ടും. അതില്‍ 8 സമീര്‍ വാംഗഡെയ്ക്ക് നല്‍കാം എന്നതായിരുന്നു സംസാരം. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. കിരണ്‍ ഗോസാവി കസ്റ്റഡിയിലുള്ള ആര്യന് ഖാനെ കൊണ്ട് ഫോണില്‍ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകര്‍ പുറത്ത് വിട്ടു. ഗോസാവിയുടെ ബോഡി ഗാര്‍ഡാണ് പ്രഭാകര്‍. കപ്പലില്‍ നടന്ന റെയ്ഡില്‍ താന്‍ സാക്ഷിയല്ല, എന്‍സിബി ഓഫീസില്‍ വച്ച് സമീര്‍ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളില്‍ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകര്‍ സെയിലിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി മരുന്ന് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതിനെ സംബന്ധിച്ച് ഞാൻ കേട്ടിരുന്നു. ഇതില്‍ എട്ട് കോടി രൂപ സമീര്‍ വാംഖഡെയ്ക്ക് നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഗോസാവിയില്‍ നിന്ന് പണം വാങ്ങി ഞാൻ സാം ഡിസൂസ എന്നയാള്‍ക്ക് കൈമാറിയിട്ടുണ്ട്’- പ്രഭാകറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ തന്റെ ജീവനില്‍ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍ നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യം വഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരി മരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.
അതേസമയം, എന്‍.സി.ബി. സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. കേസില്‍ തെറ്റായ ഒന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രഭാകറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും എന്‍.സി.ബി.യിലെ മറ്റ് ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ പണം കൈമാറിയിട്ടുണ്ടെങ്കില്‍ എന്തു കൊണ്ടാണ് പ്രതികള്‍ ജയിലില്‍ കിടക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രഭാകര്‍ ഉന്നയിച്ചിട്ടുള്ളതെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പ്രതികരിച്ചു.
അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണിതെന്നും, പ്രഭാകറിനെ കപ്പലില്‍ വെച്ചാണ് ആദ്യമായി കാണുന്നതെന്നും ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രഭാകറിന്റെ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാമെന്നും അങ്ങനെയാണെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ പ്രതികരണം കോടതിയെ അറിയിക്കാമെന്നും എന്‍.സി.ബി. വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments