തിരുവനന്തപുരം : കാര്യം നിസാരം, അളിയന്‍സ് തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. ഇപ്പോഴിതാ നന്മ വറ്റാത്ത മനുഷ്യരെക്കുറിച്ചുള്ള അനീഷ് രവിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ‘നല്ല കാഴ്ച’ എന്നാണ് തന്റെ കുറിപ്പിന് അ്‌നീഷ് നല്‍കിയ തലക്കെട്ട്.
അനീഷിന്റെ വാക്കുകള്‍:
‘നല്ല കാഴ്ച ‘
ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകള്‍ ‘പണിമുടക്കാറുണ്ട്’. കണ്ണിന് ഒരല്പ്പം വിശ്രമം വേണമെന്ന് ഡോക്ടര്‍. ആയിക്കോട്ടെ എന്ന് ഞാനും. കഴിഞ്ഞ 6 ദിവസമായി വീട്ടില്‍ തന്നെ (ഫ്‌ളാറ്റിൽ) ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി. അടുത്ത കട വരെ പോയി പാല് വാങ്ങാം. ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി. ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു ‘സാറെ ഈ നമ്പറിലേക്കൊന്ന് വിളിയ്ക്കുമോ?’. ഒരു ഫോണ്‍ എനിയ്ക്കു നേരെ നീട്ടി. അപ്പോഴേയ്ക്കും മറുതലയ്ക്കല്‍ നിന്നും ‘കണ്ണാ നീ ഇതെവിടെയാണ്?’ ഒരമ്മയുടെ ശബ്ദം. എനിയ്‌ക്കൊന്നും മനസിലായില്ല
സെക്യൂരിറ്റി ചേട്ടന്‍ പറഞ്ഞു ‘സര്‍ ഒന്ന് സംസാരിയ്ക്കുമോ?. ഈ ഫോണ്‍ ഇവിടെ ഗേറ്റിനു മുന്നില്‍ റോഡില്‍ കിടന്നു കിട്ടിയതാ. അവര്‍ക്കു തിരികെ കൊടുക്കാന്‍ ഞാന്‍ അങ്ങോട്ട് വിളിക്കുകയായിരിന്നു. നേരെത്തെ ഈ ഫോണില്‍ വിളിച്ച ആളോടും ഞാന്‍ പറഞ്ഞു ഫോണ്‍ എന്റെ കയ്യിലുണ്ടെന്ന്. പക്ഷെ ഇത് വരെയും ആരും വന്നില്ല. സാര്‍ ഒന്ന് സംസാരിയ്ക്കുമോ!’
ഞാന്‍ ആ അമ്മയോട് കാര്യം പറഞ്ഞു. അഡ്രസ് പറഞ്ഞു കൊടുത്തു. കണ്ണന്റെ അച്ഛനോടും സംസാരിച്ചു. ഞങ്ങള്‍ ഉടന്‍ വരാം സര്‍. എന്റെ മോന്റെ ഫോണ്‍ എങ്ങിനെയോ നഷ്ടപ്പെട്ടതാ. ജോലി അന്വേഷിച്ചിറങ്ങിയതാ. ഒരുപാടു നന്ദിയുണ്ട്. ഞങ്ങള്‍ ഉടന്‍ വരാം.
ഫോണ്‍ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാന്‍ നടന്നു. അപ്പോഴേയ്ക്കും മറ്റൊരു ഫോണ്‍ ശബ്ദം. ശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകള്‍ പരതി നടന്നു. സെക്യൂരിറ്റി ചേട്ടന്‍ തന്റെ പോക്കറ്റില്‍ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോണ്‍ എടുത്തു ആരോടോ സംസാരിയ്ക്കുന്നു. ‘അതെ … വിജയനാണ്…’ അപ്പോഴും മറു കയ്യില്‍ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോണ്‍ അവകാശിയ്ക്കായ് ഭദ്രമായി ചേര്‍ത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യന്‍ അങ്ങനെ നില്‍ക്കുകയാണ്. ആ നിഷ്‌കളങ്കനായ മനുഷ്യനെ ഒരുപാടു സ്‌നേഹത്തോടെ വീണ്ടും ഞാന്‍ നോക്കി നിന്നു. അറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
‘എന്ത് പറ്റി സാര്‍’. ‘ഒന്നുമില്ല ഞാന്‍ വിജയന്‍ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ’. അദ്ദേഹം അത്ഭുതം കൂറി. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നില്‍ക്കുന്നെ. വിജയന്‍ ചേട്ടന് ഒരു സല്യൂട്ട്’- അനീഷ് കുറിച്ചു.
Post Your Comments