തിരുവനന്തപുരം : ദേശീയവും ദേശാന്തരീയവുമായ ഒട്ടനവധി അംഗീകാരം നേടിയ അടൂർ ഗോപാലകൃഷ്ണൻ വാണിജ്യ സിനിമകളിൽ നിന്നു വ്യത്യസ്തമായി സമാന്തര സിനിമകൾ ഒരുക്കിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. ഇപ്പോൾ ചെറു സ്‌ക്രീനുകളില്‍ സിനിമ കാണുക എന്നത് സങ്കടകരമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒടിടി റിലീസുകള്‍ പ്രേക്ഷകരുടെ സിനിമാനുഭവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു. സന്‍സാദ് ടിവിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സിനിമ തിയറ്ററില്‍ കാണാനുള്ളതാണ്. ആ അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്‍ഡ് സമയത്തേക്കാണ് പ്രേക്ഷകരുടെ കണ്‍മുന്നില്‍ നില്‍ക്കുക. ബിഗ് സ്‌ക്രീനില്‍ കാണുമ്പോൾ അതു കാണാന്‍ ആവശ്യമായ സമയം കാണിക്ക് ലഭിക്കും. ഒരു ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ ശരിക്കും സിനിമ കാണുന്നു തന്നെയില്ല! കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുക. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേതു പോലെ സ്‌ക്രീനിലെ ചലനങ്ങളും നിങ്ങള്‍ കാണുന്നു. ആ കാഴ്ചാനുഭവത്തില്‍ മറ്റൊന്നും ഇല്ല.
എന്റെ സിനിമ മൊബൈല്‍ ഫോണിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, യഥാര്‍ഥ അര്‍ഥത്തില്‍ നിങ്ങളാ ചിത്രം കാണുന്നില്ല. അങ്ങനെ കാണുന്ന പക്ഷം എന്റെ വര്‍ക്കിനോട് നിങ്ങള്‍ വലിയ അനീതിയാണ് കാട്ടുന്നതെന്നും ഞാന്‍ പറയും’- അടൂര്‍ പറഞ്ഞു.
Post Your Comments