തിരുവനന്തപുരം : ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ചക്ക തൊമ്മനെ അവതരിപ്പിച്ച ടോം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. രാക്കുയില്‍ എന്ന സീരിയലിലൂടെ ആണ് ടോം തിരിച്ചു വരുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന റോണ്സണ് വിന്‍സെന്റ് സീരിയലില്‍ നിന്നും പിന്മാറിയതോടെയാണ് ടോം എത്തുന്നത്. സംവിധായകന് ഭദ്രന്റെ സഹോദര പുത്രന് കൂടിയാണ് ടോം. സഹോദര പുത്രന് ആശംസകള്‍ നേര്‍ന്ന് ഭദ്രന് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ഭദ്രന്റെ കുറിപ്പ്:
‘എന്റെ ഒരേ അനുജന് ഒരേ ഒരു മകന്. വളരെ കുട്ടിയായിരിക്കുമ്പോൾ എന്നോട് ചോദിക്കും ‘പേരപ്പാ, ഈ മോഹന്‍ലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ.. അവര്‍ ശരിക്കും ചിരിക്കുന്നുണ്ടോ? കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇടവിടാതെ ചോദിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു, ‘നിന്നെ ഞാന്‍ അഭിനയിപ്പിക്കട്ടെ.’ നിഷ്കളങ്കമായ ഒരു പ്രതികരണം അവന്റെ മുഖത്ത് കണ്ടു.
ഇവനാള് കൊച്ച് പുലിക്കുട്ടി ആണല്ലോ എന്ന് തോന്നി. അങ്ങനെയായിരുന്നു, ഒളിമ്പ്യനിലെ ‘ചക്കതൊമ്മന്‍’. പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ അവന് പെർസ്യൂ ചെയ്തില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു.
ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവില്‍ മനോരമയിലെ ‘രാക്കുയില്‍’ എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്. മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ..you will achieve your goal’.
Post Your Comments